വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ചിരി അനുകരിച്ച് പി.വി അന്‍വറിന്റെ പരിഹാസം. ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രി ചിരിച്ചുതള്ളിയെന്ന് അന്‍വര്‍. മുഖ്യമന്ത്രി പറഞ്ഞതെല്ലാം അജിത്കുമാര്‍ എഴുതി നല്‍കിയ കാര്യങ്ങളാണ്. എഡിജിപി എഴുതിക്കൊടുത്ത കഥയും തിരക്കഥയുമാണോ വായിക്കേണ്ടത്. മുഖ്യമന്ത്രി മലപ്പുറത്തെ പാര്‍ട്ടിക്കാരെ വിളിച്ച് കാര്യങ്ങള്‍ തിരക്കണ്ടേന്നും അന്‍വര്‍ ചോദിച്ചു.
കേസ് അന്വേഷണത്തിന് മുഖ്യമന്ത്രിയെ അന്‍വര്‍ വെല്ലുവിളിച്ചു. സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉന്നയിച്ച ആരോപണങ്ങള്‍, 188 കേസുകള്‍, ഹൈക്കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ വച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? എന്ന് അന്‍വര്‍ ചോദിച്ചു. അതല്ല, എഡിജിപി കൊണ്ടുപോയി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
ഉന്നയിച്ച വിഷയങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ എന്നെ മുഖ്യമന്ത്രി കുറ്റവാളിയാക്കി. ഞാന്‍ കള്ളക്കടത്തുകാരനെന്ന് ധ്വനിപ്പിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. പി.ശശിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പരാതി ഇടേണ്ടത് ചവറ്റുകുട്ടയിലല്ലേ എന്നും അന്‍വര്‍ ചോദിച്ചു. പാര്‍ട്ടി നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു. പരാതിപ്പെട്ട കേസുകളില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നും അന്‍വര്‍ പറഞ്ഞു.