pv-anwar-mla-quits-ldf
  • ‘സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല’
  • ഇടതും വലതും അല്ല, നിയമസഭയില്‍ നടുവില്‍ ഇരിക്കുമെന്നും പ്രഖ്യാപനം
  • ‘ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒന്നരവര്‍ഷം എംഎല്‍എയായി ഉണ്ടാകും’

മുഖ്യമന്ത്രിക്കും സിപിഎം നേത്യത്വത്തിനും നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിന്റെ വാര്‍ത്ത സമ്മേളനം. തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ് തുടങ്ങിയ പി.വി. അൻവർ വാര്‍ത്താസമ്മേളനത്തിനൊടുവില്‍ ഇടതുപാളയം വിട്ട് പുറത്തേക്ക് എന്ന് വ്യക്തമാക്കി. ഇനി സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല. ഇടതും വലതും അല്ല, നിയമസഭയില്‍ നടുവില്‍ ഇരിക്കുമെന്നും പ്രഖ്യാപനം.

എന്നാല്‍ തന്റെ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജിവയ്ക്കുന്നത് പൊട്ടനാണ് പിരാന്തന്‍, ആ പിരാന്ത് തനിക്കില്ല, അതിന് കാത്തിരിക്കേണ്ടെന്നും അന്‍വര്‍ പറഞ്ഞു. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒന്നരവര്‍ഷം ഈ സ്ഥാനത്ത് ഉണ്ടാകും. സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല. പാര്‍ട്ടി പറ‍ഞ്ഞാല്‍ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് നടക്കുന്ന കാര്യമല്ലെന്നും അന്‍വര്‍ പറഞ്ഞു.

 

‘‘ഇന്ന് ഈ പത്രസമ്മേളനം നടത്താൻ കഴിയുമോയെന്ന് വിശ്വസിച്ചിരുന്നില്ല. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടു പോകുമോയെന്ന് അറിയില്ല. അജിത് കുമാർ എന്ന നൊട്ടോറിയസ് പലതും ചെയ്യാം. മുഖ്യമന്ത്രി മലപ്പുറത്ത് പാർട്ടി സെക്രട്ടറിയെ വിളിച്ച് ചോദിക്കണ്ടേ. ഈ പറയുന്നതിൽ വല്ല വാസ്തവവും ഉണ്ടോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കേണ്ടേ. എന്റെ പിന്നാലെ പൊലീസുണ്ട്. ഇന്നലെ രാത്രി രണ്ടു മണിയ്ക്കാണ് കിടന്നത്.

ഇനിയും ഇവര്‍ക്കൊക്കെ വിധേയപ്പെട്ട് നില്‍ക്കാന്‍ തല്‍ക്കാലം എനിക്ക് സൗകര്യമില്ല

ശബ്ദുമുണ്ടാക്കാതെ വീടിനു പിന്നിൽ കൂടി വന്നുനോക്കിയപ്പോൾ രണ്ടു പൊലീസുകാർ വീടിനു മുന്നിലുണ്ട്. ഞാൻ‌ സംസാരിക്കുന്നത് മുഴുവൻ പൊലീസ് കേൾക്കുന്നുണ്ടായിരിക്കും. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിനു മുൻപ് ജനങ്ങളോട് കാര്യം പറയണം. മുഖ്യമന്ത്രിക്ക് അജിത് കുമാർ എഴുതി കൊടുത്ത കഥയും തിരക്കഥയും വാസ്തവമല്ല. ആരാ നിങ്ങളുടെ പിന്നിലെന്ന് ചോദിക്കുന്നു.

പടച്ചവനാണ് എന്നെ സഹായിച്ചത്. പടച്ചവൻ എന്റെ കൂടെയുണ്ട്.മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. സിറ്റിങ് ജഡ്ജിയെ കൊണ്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണം. എ‍ഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാർട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകൾ പുനരന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വർണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 

സിഎമ്മേ, നിങ്ങളുടെ ഗ്രാഫ് നൂറില്‍നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നു

30 മുതൽ 50 ശതമാനം വരെ സ്വർണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണം.ഞാൻ മുഖ്യമന്ത്രിയെ കണ്ടത് 5 മിനിറ്റെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ തള്ളാൻ വേണ്ടി ഇരുന്നതല്ല. പൊലീസിന്റെ ഏകപക്ഷീയമായ വർഗീയമായ നിലപാടുകൾ കുറേ കാലമായി ഞാൻ ചോദ്യം ചെയ്യുകയാണ്. ന്യൂനപക്ഷങ്ങൾക്കും പാർട്ടി സഖാക്കൾ‌ക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്നും നീതി കിട്ടുന്നില്ല.

ഷാജൻ സ്കറിയ കേസുമായി ബന്ധപ്പെട്ട് ശശിയുമായി ഞാൻ പാടെ അകന്നിരുന്നു. നവകേരള സദസ് നടത്തിയെ കൺവീനറെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഞാൻ ശശിയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല. എഡിജിപിയും എടുത്തില്ല. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കിട്ടുന്നിടത്ത് ചാമ്പാൻ വേണ്ടിയാണ് ഞാൻ നടന്നത്. അങ്ങനെയാണ് പൊലീസ് അസോസിയേഷന്റെ പരിപാടിയിൽ പ്രസംഗം നടത്തിയത്.ഉന്നയിച്ച വിഷയങ്ങളിൽ നിന്നും രക്ഷപ്പെടാൻ എന്നെ കുറ്റവാളിയാക്കി. പലപ്പോഴും മുഖ്യമന്ത്രി വിളിക്കുമെന്ന് പാർട്ടി പറഞ്ഞിരുന്നു. 

വിളിക്കാതെ വന്നപ്പോഴാണ് വാർ‌ത്താസമ്മേളനം നടത്തിയത്. വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും വിളിച്ചത്. പൊലീസിലെ പുഴുക്കുത്തുകളെ വച്ചേക്കില്ലെന്ന് മുഖ്യമന്ത്രി പൊലീസ് അസോസിയേഷന്റെ പ്രസംഗത്തിൽ പറഞ്ഞു. ഞാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ‌ പോയി. രാവിലെ 9 മണിക്ക് കാണാമെന്ന് പറഞ്ഞു. പിന്നീട് 12 മണിക്ക് വന്നാൽ മതിയെന്ന് പറഞ്ഞു. 12.30നാണ് മുഖ്യമന്ത്രിയെ കണ്ടത്.11 പേജ് അടങ്ങിയ പരാതി മുഖ്യമന്ത്രിക്ക് കൊടുത്തു. വായിക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് ഞാൻ പറ‍ഞ്ഞു, എല്ലാം കേട്ടു. സിഎമ്മിനോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറ‍ഞ്ഞു. നീ പറഞ്ഞോയെന്ന് പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാൻ പറഞ്ഞു. കസേരയിലിരുന്നു ഒരു നിശ്വാസം. ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. 

എന്തോ ഒരു നിസഹായ അവസ്ഥ എനിക്ക് ഫീൽ ചെയ്തു. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചർ‌ച്ച ചെയ്യുന്നില്ല.കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. ആ സൂര്യൻ കെട്ടുപോയി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ൽനിന്ന് പൂജ്യമായി താഴ്ന്നു. സിഎമ്മിനോട് കമ്മ്യൂണിസ്റ്റുകാർക്കും വെറുപ്പാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

ശശിയുടെ ക്യാബിൻ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാൻ പറഞ്ഞു. ഞാൻ സിഎമ്മിന്റെ മുന്നിൽ നിന്നും ശബ്ദം ഇടറി കരഞ്ഞു. അവിടെയിരുന്ന് കണ്ണൊക്കെ തുടച്ച് ശാന്തനായി. അജിത് കുമാറിനെ അന്വേണത്തിൽ നിന്നും മാറ്റിനിർത്തണനമെന്ന് ഞാൻ പറഞ്ഞു. ഡിജിപി സാധുവല്ലേയെന്നും ഞാൻ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ENGLISH SUMMARY:

PV Anwar MLA quits LDF