മാവേലിക്കരയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ സംസ്ഥാനസര്‍ക്കാരിനും മന്ത്രിമാര്‍ക്കും രൂക്ഷവിമര്‍ശനം. സാംസ്കാരികമന്ത്രിക്ക് സംസ്കാരമില്ലെന്ന് മാമ്മൂട് ബ്രാഞ്ച് സമ്മേളനത്തില്‍ പ്രതിനിധികള്‍ തുറന്നടിച്ചു. വിദ്യാഭ്യാസമന്ത്രിക്ക് വിദ്യാഭ്യാസത്തിന്‍റെ വിലയറിയില്ല. തൃശൂര്‍ പൂരം കലക്കിയ പൊലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. സ്ത്രീപീഡനത്തിന്‍റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ ആള്‍ എങ്ങനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായെന്ന് പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു. പാലമേല്‍ തെക്ക് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് മാമ്മൂട് ബ്രാഞ്ച്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സമ്മേളനത്തില്‍ മറയില്ലാതെ വിമര്‍ശനമുയര്‍ന്നു. നവകേരളസദസ്സ് ആഢംബര ജാഥയായി. പൊലീസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അറിയില്ല. മന്ത്രിമാരില്‍ പലരും കഴിവ് കെട്ടവരാണെന്നും ആരോപണമുയര്‍ന്നു. എഡിജിപി എം.ആര്‍.അജിത്കുമാറിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ റിപ്പോര്‍ട്ട് പാടെ തള്ളി. പൂരം കലക്കലിലെ സര്‍ക്കാര്‍ വീഴ്ചയും ചര്‍ച്ചയായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തണുപ്പന്‍ നിലപാട് സ്ത്രീപക്ഷ സര്‍ക്കാരെന്ന പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. നാട്ടുകാരന്‍ കൂടിയായ കൃഷിമന്ത്രി പി.പ്രസാദിനും കണക്കിന് കിട്ടി. കൃഷിവകുപ്പ് പൂര്‍ണ പരാജയമാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ലക്ഷങ്ങള്‍ ജിഎസ്ടി വെട്ടിച്ച പാലമേല്‍ തെക്ക് ലോക്കല്‍ സെക്രട്ടറിയെ മാവേലിക്കര എംഎല്‍എ സഹായിച്ചെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ സെക്രട്ടറിയേറ്റംഗം ജി.രാജമ്മയുടെ സാന്നിദ്ധ്യത്തിലാണ് മാമ്മൂട് ബ്രാഞ്ച് സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നേതൃത്വത്തിനെതിരായ പരാതികളിലും വിമര്‍ശനങ്ങളിലും പരിഹാരമില്ലെങ്കില്‍ കുട്ടനാട് മോഡലില്‍ മാമ്മൂടിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചനയുണ്ട്.