superstition

ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ പ്രഭാത് കൂടുതൽ പേരെ തട്ടിപ്പിന് ഇരകളാക്കി. പ്രണയനൈരാശ്യത്തില്‍പ്പെട്ടവരും കുടുംബപ്രശ്നങ്ങള്‍ നേരിട്ടവരുമാണ് സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട് തട്ടിപ്പിനിരയായത്. വശ്യകുങ്കുമം, വശ്യകണ്‍മഷി, വശ്യയന്ത്രം എന്നിങ്ങനെ വശീകരണപൂജകളുടെ പേരില്‍ ലക്ഷങ്ങളാണ് പ്രഭാത് തട്ടിയത്. 

ഒല്ലൂര്‍ സ്വദേശിയായ പ്രഭാത് അഞ്ച് വര്‍ഷം മുന്‍പാണ് ചാത്തന്‍സേവ തുടങ്ങുന്നത്. തൃശൂരില്‍ ക്ഷേത്രം നിര്‍മിച്ച് ഇവിടെയായിരുന്നു പ്രധാനപ്പെട്ട പൂജകളെല്ലാം. സ്ത്രീ, പുരുഷ വശീകരണത്തില്‍ കേമനെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കിയാണ് ഇരകളെ വലയിലാക്കിയത്. അതിപുരാതനവും രഹസ്യവുമായ മാന്ത്രികവശ്യകര്‍മങ്ങള്‍ക്ക് പുറമെ മാന്ത്രിക വിദ്യകളാല്‍ പൂജിച്ച വശ്യകുങ്കുമം, കണ്‍മഷി, യന്ത്രം ഭസ്മം, ലേപം എന്നിങ്ങനെ തട്ടിപ്പുകള്‍ പലവിധം. പരസ്യം കണ്ട് ജ്യോത്സ്യനെ സമീപിച്ചവരിലേറെയും കുടുംബപ്രശ്നങളും പ്രണയംനഷ്ടപ്പെട്ടവരുമടക്കം കടുത്ത മാനസിക സമ്മര്‍ദം നേരിട്ടവര്‍. ഇവരുടെ അവസ്ഥയാണ് ജ്യോത്സ്യന്‍ മുതലെടുത്തത്. സ്ത്രീകളും പുരുഷന്‍മാരടക്കം നിരവധിപേര്‍ തട്ടിപ്പിനിരയായെന്നാണ് പൊലീസീന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഓരോ പൂജകള്‍ക്കും ഈടാക്കിയിരുന്നത് അന്‍പതിനായിരം മുതല്‍ മുക്കാല്‍ലക്ഷത്തോളും രൂപ. തൊണ്ണൂറ് ദിവസത്തില്‍ ഫലപ്രാപ്തിയെന്നായിരുന്നു ജ്യോത്സ്യന്‍റെ വാഗ്ദാനം. 

പൂജനടത്തിയിട്ടും ഗുണം ലഭിക്കാതെ നിരാശരായി എത്തുന്ന ഇരകളെ കൂടുതല്‍ പൂജകള്‍ നടത്താന്‍ പ്രേരിപ്പിച്ച് പീഡനത്തിന് ഇരയാക്കി. ചാത്തന്‍റെ കോപത്തില്‍ കുടുംബാംഗങ്ങളടക്കം മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പണത്തിന് പുറമെ സ്ത്രീകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും പൊലീസിന് വിവരം ലഭിച്ചു. റിമാന്‍ഡിലായ പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പാലാരിവട്ടം പൊലീസ്.

 

ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ‌‌‌‌പീഡന വിവരം പുറത്തുപറഞ്ഞാല്‍ ചാത്തന്‍ വധിക്കുമെന്നും വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന വീട്ടമ്മയെ ഭര്‍ത്താവുമായി ഒന്നിപ്പിക്കാനെന്ന പേരിലായിരുന്നു പ്രഭാതിന്റെ ചാത്തന്‍സേവ. സമൂഹമാധ്യമത്തിലൂടെയാണ് ജ്യോത്സ്യന്‍റെ സിദ്ദികളെ കുറിച്ച് വീട്ടമ്മ അറിയുന്നത്. പ്രശ്നങ്ങള്‍ അറിയിച്ചതോടെ ഒരു പൂജ നടത്തിയാല്‍ പരിഹാരം കാണാമെന്ന് ജ്യോത്സ്യന്‍റെ ഉറപ്പ്. വാക്കുകേട്ട് വിശ്വസിച്ച വീട്ടമ്മ വലിയൊരു തുക മുടക്കി പൂജ നടത്തി.

ENGLISH SUMMARY:

The victims of seduction Pooja scam are those who are facing disappointment in love failure and family problems