arjun-shiroor

ഒടുവിൽ അർജുൻ കണ്ണാടിക്കലിലെ സ്വന്തം മണ്ണിൽ അലിഞ്ഞുചേർന്നു. പൂനൂർ പുഴ പോലെ ഒഴുകിയെത്തിയ ജനം അന്ത്യയാത്രയിലും അര്‍ജുനെ ചേർത്തു പിടിച്ചു. സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ അർജുന്റ ഒന്നര വയസുകാരൻ മകന്റെ കരച്ചിൽ നെഞ്ചിൽ കനലായി നീറിനിന്നു. 

കഠിനാധ്വാനം ചെയ്ത് അര്‍ജുന്‍ വീണ്ടെടുത്ത ഭൂമി.അവിടെ വായ്പയെടുത്ത് നിര്‍മിച്ച സ്വപ്നഭവനം. ജീവിച്ചു കൊതി തീരാത്ത ആ വീടിന്റ പിന്നാമ്പുറത്തൊരുക്കിയ ചിതയില്‍ ഒടുവില്‍ അര്‍ജുന്‍ അഗ്നി നാളമായി. പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ഭാര്യ കൃഷ്ണപ്രിയയും സഹോദരങ്ങളും അന്ത്യചുംബനം നൽകിയതോടെയാണ് മൃതദേഹം ചിതയിലേക്കെടുത്തത്.

 

വീട്ടില്‍ നിന്നിറങ്ങി 82 ാം ദിവസമായിരുന്നു അര്‍ജുന്റ തിരി‌ച്ചുവരവ്. ജീവിത വളയം പിടിച്ച വഴികളിലൂടെ ശരീരത്തിന്റ ശേഷിപ്പുകളായി തിരിച്ചെത്തുമ്പോള്‍ വാര്‍ത്തകളിലൂടെ മാത്രം കണ്ട് ‌സ്വന്തം കൂടെപ്പിറപ്പിനെപ്പോലെ സ്നേഹിച്ച ആയിരക്കണക്കിനാളുകള്‍ അര്‍ജുനെ ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു.

രണ്ടരമാസത്തോളം അര്‍ജുന് വേണ്ടി ഊണും ഉറക്കവും മില്ലാതെ പ്രയ്തനിച്ച ലോറി ഉടമ മനാഫ് മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ആയിരങ്ങളെ സാക്ഷി നിര്‍ത്തി വീട്ടുകാരുടെ പ്രിയപ്പെട്ട കുട്ടന്‍ യാത്രയാകുമ്പോള്‍ ഒരോ മലയാളിയുടേയും മനസില്‍ ജ്വലിക്കുന്ന ഒാര്‍മയായി അര്‍ജുന്‍ ഇനിയെന്നുമുണ്ടാകും.