ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് വികാര നിര്‍ഭരമായ യാത്രാമൊഴിയുമായി കണ്ണാടിക്കല്‍ ഗ്രാമവും കേരളവും. 80 ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ അര്‍ജുന്‍ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. കണ്ണീര്‍പൂക്കളുമായി ഒരുനാട് ഒന്നടങ്കം അര്‍ജുനെ ഏറ്റുവാങ്ങാനെത്തി. അർജുന് അന്ത്യഞ്ജലി അർപ്പിക്കാൻ കണ്ണാടിക്കല്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത് നൂറു കണക്കിനാളുകൾ. ഒരു കിലോമീറ്ററോളം നീളത്തിലായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാനെത്തിവരുടെ നിര. പൊതുദര്‍ശനത്തിന് ശേഷം അര്‍ജുനെ വീട്ടുവളപ്പില്‍ സംസ്കരിക്കും. നിറമിഴികളോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് നൂറുകണക്കിന് ജനമാണ് വഴിയരികില്‍ നിരന്നത്. കര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും ഈശ്വര്‍ മാല്‍പെയും അര്‍ജുന്‍റെ അന്ത്യയാത്രയെ അനുഗമിച്ച് കണ്ണാടിക്കലോളം എത്തി.
ലോറിവളയത്തിനുള്ളില്‍ ഭാവിസ്വപ്നങ്ങള്‍ കരുതിയായിരുന്നു 80 ദിവസങ്ങള്‍ക്ക് മുന്‍പ് അര്‍ജുന്‍ യാത്ര തിരിച്ചത്. മരത്തടിയും പേറി പോയ വഴികളിലൂടെ പക്ഷേ അര്‍ജുന്‍ സ്വപ്നം കണ്ട തിരിച്ചുവരവല്ല, ജീവിച്ചു തുടങ്ങിയ ചെറുപ്പക്കാരന്റെ അന്ത്യയാത്ര ഇനിയും ആ നാടിന് താങ്ങാവുന്നതല്ല.കണ്ണാടിക്കല്‍ നാടിന്റെ ജനകീയ പ്രശ്നങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്ത ചെറുപ്പക്കാരനായിരുന്നു അര്‍ജുന്‍. കേരളത്തിന്‍റെ മനസ് മുഴുവന്‍ ആ കുടുംബത്തോടൊപ്പം നിന്നത് ഒറ്റമനസോടെ, ഒരേഒരു ചിന്തയോടെയായിരുന്നു. Also Read: ‘ഉമ്മാന്‍റെ മോതിരം വിറ്റ് ഇന്‍വെര്‍ട്ടര്‍ വാങ്ങിവച്ചു, അവന്റെ വരവുകാണാന്‍’
തീര്‍ത്തും വൈകാരികമായാണ് ആ നാട് പ്രതികരിക്കുന്നത്. എല്ലാവര്‍ക്കും പ്രിയപ്പെട്ട മോനാണെന്ന് കണ്ണാടിക്കലിലെ ഒരമ്മ പറയുന്നു. കുഞ്ഞുപ്രായം മുതലേ അര്‍ജുനെ അറിയാവുന്ന അമ്മമാരും അയല്‍ക്കാരും കുഞ്ഞുങ്ങളും എല്ലാം വേദനയിലാണ്.ജൂലൈ 16നാണ് ദേശീയപാത 66ല്‍ ഷിരൂരില്‍ ദുരന്തം സംഭവിച്ചത്. അന്നുമുതല്‍ അര്‍ജുനായുള്ള തേടലാണ് കണ്ടത്. ഇന്നലെ ഡിഎന്‍എ പരിശോധനക്കു ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയത്. അഴിയൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ആണ് മൃതദേഹം ഏറ്റുവാങ്ങിയത്.