ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുനെ ഏറ്റുവാങ്ങി ജന്‍മനാട് . അഴിയൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം എട്ടുമണിയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കാരം നടത്തും.
പുലര്‍ച്ചെ ഒന്നരയോടെയാണ് മൃതദേഹം തലപ്പാടിയില്‍ എത്തിച്ചത്. കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കേരള, കര്‍ണാടക പൊലീസ് സംഘവും വിലാപയാത്രയ്ക്കൊപ്പമുണ്ട്.
അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് പൂളാടിക്കുന്നിലേക്ക് എത്തുന്നതിനിടെ ഒട്ടേറെപ്പേരാണ് വഴിനീളെ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തുന്നത്. ഉഡുപ്പിയില്‍ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ സഹായധനമായ 5 ലക്ഷം രൂപ അര്‍ജുന്റെ അമ്മയ്ക്ക് കൈമാറും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് വഹിക്കുന്നത് കര്‍ണാടക സര്‍ക്കാരാണ്.