ആര്‍ത്തവശുചിത്വം പ്രോല്‍സാഹിപ്പിക്കുന്നതിനും സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിനും കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ നടപ്പാക്കിയ ‘തിങ്കള്‍’ പദ്ധതിക്ക് ‘സ്കോച്ച്’ പുരസ്കാരം. സാമൂഹിക വികസനം, ഗവേണന്‍സ്, ഫിനാന്‍സ് എന്നിവയില്‍ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിക്കുന്ന ബഹുമതിയാണ് സ്കോച്ച് (SKOCH) പുരസ്കാരം. സ്ത്രീകളുടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്ന സമീപനമാണ് ‘തിങ്കള്‍’ പദ്ധതിയുടേതെന്ന് പുരസ്കാര നിര്‍ണയസമിതി വിലയിരുത്തി.
ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ എച്ച്.എല്‍.എല്‍. സീനിയര്‍ വൈസ് പ്രസിഡന്‍റ് വി.കുട്ടപ്പന്‍ പിള്ള സ്കോച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ സമീര്‍ കോച്ചാറില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തില്‍ പ്രളയകാലത്ത് നേരിട്ട സാനിറ്ററി നാപ്കിന്‍ നിര്‍മാര്‍ജന പ്രതിസന്ധിക്ക് പരിഹാരമായാണ് ‘തിങ്കള്‍’ പദ്ധതിക്ക് രൂപം നല്‍കിയത്. മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിച്ചാല്‍ 5 വര്‍ഷം കൊണ്ട് 10000 ടണ്‍ നാപ്കിന്‍ മാലിന്യം കുറയ്ക്കാന്‍ കഴിയുമെന്ന് എച്ച്എല്‍എല്‍ അവകാശപ്പെടുന്നു.