കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുവിദ്യാര്‍ഥികളും മരിച്ചു. പേരാമ്പ്ര പാലേരി പാറക്കടവ് സ്വദേശികളായ റിസ്വാന്‍(14), സിനാന്‍(13) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
കുറ്റ്യാടി അടുക്കത്ത് വച്ചായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാന്‍ വന്നതാണ് ഇരുവരും. ഉച്ചയോടെ സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി തിരച്ചില്‍ തുടങ്ങി. രണ്ട് യൂണിറ്റ് അഗ്നരക്ഷാസേനയും കുറ്റ്യാടി പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടര്‍ന്നു.
റിസ്വാനെ രണ്ടുമണിയോടെ മേമണ്ണില്‍താഴെ വച്ച് കണ്ടെത്തുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മരണപ്പെട്ടു. ഒരു മണിക്കൂറിന് ശേഷം സിനാന്‍റെ മൃതദേഹവും കണ്ടെത്തി. ഇരുവരും കുറ്റ്യാടി ഹയര്‍സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക്ശേഷം കുടുംബത്തിന് വിട്ടുനല്‍കും.