അത്യപൂര്‍വവും മാരകവുമായ അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ പുതിയ കേസുകള്‍ സ്ഥിരീകരിക്കാതെയും വിവരങ്ങള്‍ മറച്ചുവച്ചും ആരോഗ്യവകുപ്പിന്‍റെ ഒളിച്ചുകളി. തിരുവനന്തപുരത്തെ രോഗബാധയുടെ ഉറവിടം അറിയാത്തതും ആശങ്ക കൂട്ടുന്നു. മലിനജലവുമായി സമ്പര്‍ക്കമില്ലാത്ത അതിയന്നൂര്‍, തിരുമല സ്വദേശിനികള്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്നാണ് ചോദ്യമുയരുന്നത്.
അതിയന്നൂര്‍ പഞ്ചായത്തില്‍ രണ്ടുമാസം മുമ്പ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിക്കുകയും 7 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തതിന്‍റെ ഉറവിടം കാവിന്‍കുളമെന്നാണ് നിഗമനം. പക്ഷേ ഇവിടെ നിന്ന് രണ്ടു കിലോമീറ്ററിനുളളില്‍ രോഗം ബാധിച്ച യുവതിയുടെ രോഗ ഉറവിടം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. രോഗം സ്ഥിരീകരിച്ച പോങ്ങില്‍ സ്വദേശിയായ 27 കാരിക്ക് നീന്തല്‍ വശമില്ല. വെളളത്തിലിറങ്ങുകയോ മുങ്ങിക്കുളിക്കുകയോ ചെയ്തിട്ടില്ല. പനിയും അസ്വസ്ഥതകളും കാരണം ഓഗസ്റ്റ് 25 മുതല്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയതല്ലാതെ വീടിനു വെളിയില്‍പോയിട്ടില്ല. വീട്ടില്‍ ഉപയോഗിക്കുന്നത് സര്‍ക്കാരിന്‍റെ പൈപ്പ് വെളളം. വീടിനു പരിസരത്തൊന്നും ജലാശയങ്ങളുമില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ തന്നെ റിപ്പോര്‍ട്ട്. പിന്നെങ്ങനെ കെട്ടിക്കിടക്കുന്ന വെളളത്തില്‍ നിന്ന് മൂക്കിലൂടെ തലച്ചോറിലെത്തുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ വിശദീകരിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു, അതോ മറ്റേതെങ്കിലും വഴികളില്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടോ എന്നാണ് ചോദ്യം.
രോഗം ബാധിച്ച തിരുമല സ്വദേശിനിയും മുങ്ങിക്കുളിക്കുന്നതടക്കം രോഗം പകരാന്‍ സാധ്യതയുളള സാഹചര്യങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. രോഗം ബാധിച്ച മൂന്നാമത്തെയാളായ പ്ളസ്ടു വിദ്യാര്‍ഥി കുളത്തില്‍ കുളിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ പ്രതിരോധപ്രവര്‍ത്തനം തുടങ്ങിയതല്ലാതെ ഈ മൂന്ന് പേരുടെ രോഗബാധയുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആരോഗ്യവകുപ്പ് ഡയറക്ടറോ ജില്ലാ മെഡിക്കല്‍ ഓഫീസറോ രോഗവിവരം സ്ഥിരീകരിക്കാനും തയാറായിട്ടില്ല. തിരുവനന്തപുരത്തെ കോളറവ്യാപനവും മാധ്യമവാര്‍ത്തകള്‍ വരുന്നതുവരെ പുറത്തുവിട്ടിരുന്നില്ല.