mammootty-left-cpm-cherian-philip

TOPICS COVERED

മമ്മൂട്ടി താമസിയാതെ സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.  കൈരളി ടിവി ചെയർമാനായ മമ്മൂട്ടിയെ കാൽ നൂറ്റാണ്ടിലേറെയായി സി.പി.എം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിൻറെ പേരിലാണെന്നും ചെറിയൻ ഫിലിപ്പ് ഫെയ്സ്ബുക്കിൽ എഴുതി. 

Also Read: ‘മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ലേ? താന്‍ വിചാരിച്ചാല്‍ 25 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വീഴും’

പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സി.പി.എമ്മിൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണെന്നും ചെറിയാൻ ഫിലിപ്പിൻറെ കുറിപ്പിലുണ്ട്.  

എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി. കെ.ടി.ജലീൽ അൻവറിൻറെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്. കോൺ​ഗ്രസിൽ നിന്ന് വന്നവർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. 

ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് 2021 ലാണ് കോൺഗ്രസിലേക്ക് മടങ്ങിവന്നത്.

ENGLISH SUMMARY:

Mammootty will soon cut ties with CPM says Congress leaders Cherian Philip.