mvd-02

സംസ്ഥാനത്ത് ഇനിയും വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് ഒരു ലക്ഷത്തിലേറെ പേർക്ക്. ആർസിയും, ലൈസൻസും അച്ചടിക്കാൻ ചുമതലപ്പെടുത്തിയ കമ്പനിക്ക് 14 കോടിയിലേറെ രൂപയാണ് നൽകാനുള്ളത്. അതേസമയം എ.ഐ ക്യാമറ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങൾക്ക് നൂറുകോടിയിലേറെ പിഴയീടാക്കിയെന്നും രേഖകൾ വ്യക്തമാക്കുന്നു.

 

അച്ചടി നിർത്തിവച്ച കരാർ കമ്പനിയുടെ നടപടിയാണ് ലൈസൻസ്, ആർ.സി വിതരണം പ്രതിസന്ധിയിലാക്കിയതെന്നായിരുന്നു ഗതാഗത മന്ത്രിയുടെ വാദം. എന്നാൽ സർക്കാർ കൃത്യമായി പണം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് ലൈസൻസ്, ആർ.സി പ്രിന്റിങ്ങിനായി അഞ്ചുവർഷത്തേക്കാണ് കരാർ നൽകിയിട്ടുള്ളത്.

60 രൂപയും ജിഎസ്ടിയുമാണ് ഒരെണ്ണം പ്രിന്റ് ചെയ്യുന്നതിന് നൽകുക. എന്നാൽ 14.17 കോടി രൂപയാണ് കുടിശികയായി നൽകാനുള്ളത്. ഇതാണ് കമ്പനി പ്രിന്റിങ് നിർത്തിവെയ്ക്കാൻ കാരണം. 1,02,978 വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളാണ് ഇതുവരെ വിതരണം ചെയ്യാനുള്ളതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. 40,388 ലൈസൻസുകൾക്ക് വേണ്ടിയും അപേക്ഷകർ കാത്തിരിക്കുകയാണ്.

അതിനിടെ എ.ഐ ക്യാമറ വഴി കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളിൽ ഇടാക്കിയ പിഴയുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് 24 വരെ നൂറുകോടിയിലേറെ രൂപയാണ് പിഴയിനത്തിൽ സർക്കാരിന് ലഭിച്ചത്.

ENGLISH SUMMARY:

More than one lakh people are yet to get vehicle registration certificate in the state