roshan

തൃശൂരിൽ രണ്ടുകോടി രൂപയുടെ സ്വർണം കൊള്ളയടിച്ച സംഘത്തിന്‍റെ തലവൻ റോഷൻ വർഗീസ് ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്ത് സ്വന്തമാക്കിയത് അരലക്ഷം ഫോളോവേഴ്സിനെ. തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലായി 22 കേസുകളിൽ പ്രതിയാണ്. 

 

കുപ്രസിദ്ധ മോഷ്ടാവ് റോഷൻ വർഗീസ് എന്ന റോഷൻ തിരുവല്ല ഇന്‍സ്റ്റഗ്രാമില്‍ താരമാണ്. പ്രധാന പണി സ്വർണം തട്ടിയെടുക്കുലും. വിവിധ ദേശീയപാതകളിൽ കാർ യാത്രക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കും. പിടിയിലായി റിമാൻഡിലാകും. ജയിലിൽ നിന്നിറങ്ങി വീണ്ടും സ്വർണം തട്ടും. തൃശൂർ കല്ലിടുക്ക് ദേശീയപാതയിൽ സ്വർണം തട്ടിയ ഒൻപതംഗ സംഘത്തിൻറെ തലവൻ റോഷനാണ്. തിരുവല്ലയിൽ നിന്നാണ് ഇയാളെ ഇത്തവണ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിൽ റോഷനെ ഫോളോ ചെയ്യുന്ന പലർക്കും ഇത് മോഷ്ടാവിൻറെ അക്കൌണ്ടാണെന്ന് അറിയില്ല. സ്ഥിരമായി റീൽ ചെയ്ത് ഒട്ടേറെ ആരാധകരെ റോഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. 

മൂന്ന് ക്വട്ടേഷൻ സംഘങ്ങളാണ് സ്വർണ കവർച്ചയ്ക്കു പിന്നിൽ. തിരുവമല്ല, ചേരാനെല്ലൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് സംഘത്തിൽ. കോയമ്പത്തൂരിൽ നിന്ന് സ്വർണവുമായി കാറിൽ വ്യാപാരികൾ പുറപ്പെട്ട വിവരം കവർച്ചാസംഘത്തിന് ഒറ്റുക്കൊടുത്ത ഒരാളുണ്ട്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇനി, പിടിയിലാകാനുള്ള നാലു പ്രതികളിൽ നിന്ന് സ്വർണം കണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അറസ്റ്റിലായ അഞ്ചു പ്രതികളെയും റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടേയും ഒല്ലൂർ എ.സി.പി എസ്.പി. സുധീരന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കവർച്ച നടന്ന സമയം അതുവഴിവന്ന സ്വകാര്യ ബസിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വഴിത്തിരിവായത്. 

ENGLISH SUMMARY:

Roshan Varghese is an Instagram influencer who is the head of the robbery gang