മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖം വന്നത് ഡല്‍ഹിയിലെ പി ആര്‍ ഏജന്‍സി വഴിയെന്ന് ദ് ഹിന്ദു ദിനപ്പത്രം. മുഖ്യമന്ത്രി അഭിമുഖത്തിന് തയാറെന്നറിയിച്ചത് പി.ആര്‍.ഏജന്‍സിയാണ്. സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാട് വിഷയങ്ങളില്‍ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടു. വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ല പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണ്. മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും ഏജന്‍സി പ്രതിനിധി പറഞ്ഞു. അത് മുഖ്യമന്ത്രിയുടേതായി ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്ന് ദ് ഹിന്ദു അറിയിച്ചു.
മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. വിവാദമായ അഭിമുഖത്തിലെ തെറ്റുകള്‍ തിരുത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ദി ഹിന്ദു പത്രത്തിന് കത്തു നല്‍കിയിരുന്നു. മുഖ്യമന്ത്രി ഒരു പ്രദേശത്ത കുറിച്ചും പേരെടുത്ത് പറഞ്ഞിട്ടില്ല സംസ്ഥാനത്തിന് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നോ രാജ്യത്തിന് എതിരായുള്ള പ്രവര്‍ത്തനമെന്നോ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.
അഭിമുഖത്തില്‍ നല്‍കിയിരിക്കുന്ന ഈ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്‍റേയോ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു എന്ന രീതിയില്‍ നല്‍കിയ തെറ്റായ പരാമര്‍ശങ്ങള്‍ വിവാദം സൃഷ്ടിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. തെറ്റുകള്‍ തിരുത്തുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഇക്കാര്യങ്ങളിലെ അഭിപ്രായം വേണ്ടപ്രാധാന്യത്തോടെ നല്‍കണമെന്നും പ്രസ് സെക്രട്ടറി ദി ഹിന്ദുവിന്‍റെ പത്രാധിപര്‍ക്കയച്ച കത്തില്‍ പറയുന്നു.
123 കോടി ഹവാലപണവും 150 കിലോ സ്വര്‍ണവും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മലപ്പുറത്തു നിന്ന് പിടിച്ചു. ഇവ സംസ്ഥാനത്തിനും കേന്ദ്രത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാണ് മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ഹിന്ദു നല്‍കിയ അഭിമുഖം.
മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാലപണവും കൂടുതലെന്ന് ദ് ഹിന്ദുവിന്റെ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം തള്ളി വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍. 21 ാം തീയതി മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവും ഹവാലപണവും പിടിക്കുന്നത് മലപ്പുറത്താണെന്ന്, ജില്ലയുടെ പേരെടുത്ത് പറഞ്ഞ് വിശദീകരിച്ചിരുന്നു.