കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ അറുനൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് കെഎസ്ഇബി. ബില്ലടച്ചില്ലെന്ന് പറഞ്ഞ് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി പമ്പ് ഹൗസിന്‍റെ പൂട്ടും സീല് വച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനസ്ഥാപിച്ചു
ആറ് വാർഡിലായി 600 ഓളം കുടുംബങ്ങളാണ് ജനകീയ സമിതി സ്ഥാപിച്ച കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. ആളുകളിൽ തുക പിരിച്ചുകിട്ടാൻ ഇത്തവണ വൈകിയത് കാരണം വൈദ്യുതി ബില്ലടിക്കാൻ താമസിച്ചു. ഇതോടെ കണക്ഷൻ വിഛേദിച്ച കെഎസ്ഇബി പമ്പ് ഹൗസിന് സീൽ വച്ചതും പ്രതിഷേധത്തിന് കാരണമായി.
രാവിലെ തന്നെ തുക പിരിച്ച് ബിൽ അടച്ചു . തുടർന്ന് രണ്ടുമണിക്കൂർ കഴിഞ്ഞാണ് കെഎസ്ഇബി അധികൃതർ സ്ഥലത്ത് എത്തിയത്. പമ്പ് ഹൗസിൽ ഉപകരണങ്ങൾ ഉള്ളതിനാൽ ഉദ്യോഗസ്ഥൻ സീൽ ചെയ്തത് ആവാം എന്നാണ് കെഎസ്ഇബിയുടെ വാദം.