പീഡനക്കേസിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. തനിക്കെതിരായ പരാതി വ്യാജമാണെന്ന് നിവിൻ മൊഴി നൽകി. കൊച്ചിയില്‍ അന്വേഷണ ഉദ്യോഗസ്ഥയായ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവിനെ ചോദ്യം ചെയ്തത്. പരാതിക്കാരി ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ അന്വേഷണസംഘം നിവിന്‍ പോളിയുടെ മൊഴിയും രേഖപ്പെടുത്തി
പീഡനക്കേസിൽ നേര്യമംഗലം സ്വദേശിയായ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ സംഘം നിവിൻ പോളിയെ ചോദ്യം ചെയ്തത്. ഗള്‍ഫില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ ആരോപണം ശരിയല്ലെന്ന് നിവിന്‍ അന്വേഷണസംഘത്തെ ബോധിപ്പിച്ചു . പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചു.
നിവിന്‍റെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചനയാണെന്ന നിവിന്‍റെ പരാതിയിൽ അന്വേഷണസംഘം പരാതിക്കാരിയുടെ മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷമാകും കുറ്റപത്രം സമർപ്പിക്കുക. കഴിഞ്ഞവർഷം ഡിസംബറിൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയശേഷം ദുബൈയിലെ ഹോട്ടൽ മുറിയിൽ വച്ച് നിവിൻ പോളി അടക്കമുള്ളവർ ചേർന്ന് കൂട്ട ബലാൽസംഗത്തിനിടയാക്കിയെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിവിന്‍ പോളി ആറാം പ്രതിയാണ് . കേസിൽ തൃശ്ശൂർ സ്വദേശിയായ നിർമാതാവ് എ കെ സുനിൽ അടക്കമുള്ള മറ്റു പ്രതികളുടെ ചോദ്യം ചെയ്യലും തുടരുകയാണ്.