swapna-suresh-and-shivashakaran

സ്വർണക്കടത്ത് കേസിന്‍റെ വിചാരണ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഹർജിയെ ഇഡി താൽപര്യത്തോടെയാണോ കാണുന്നതെന്ന ചോദ്യവുമായി സുപ്രീംകോടതി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ഹാജരാകുന്നതിലെ അസൗകര്യം അറിയിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി ആറാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, സരിത്, സ്വപ്ന സുരേഷ് എന്നിവര്‍ പ്രതികളായ നയതന്ത്ര ബാഗേജ് വഴിയുടെ സ്വര്‍ണക്കടത്തുകേസിന്‍റെ വിചാരണ കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇഡിയെ വിമര്‍ശിച്ചത്. 

വിചാരണ മാറ്റണമെന്ന ഹര്‍ജിയെ ഇഡി താല്‍പര്യത്തോടെയല്ല കാണുന്നതെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എന്‍.ഭാട്ടി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. നയതന്ത്ര ബാഗേജിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിക്കവേ സുപ്രീംകോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. 

 

ഇഡിക്കുവേണ്ടി ഹാജരാകേണ്ട അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവിന്‍റെ അസൗകര്യം കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് ഹര്‍ജി പരിഗണിക്കാന്‍ മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ ഇഡി ആവശ്യത്തെ എതിര്‍ത്തു. നേരത്തെയും ഇഡിയുടെ ആവശ്യപ്രകാരം ഹര്‍ജി മാറ്റിവച്ചെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കേസില്‍ താല്‍പ്പര്യമില്ലേയെന്ന ചോദ്യം കോടതി ചോദിച്ചത്. കേസില്‍ ഇനി ആറാഴ്ചയ്ക്കുശേഷം സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും. 

ENGLISH SUMMARY:

Supreme Court questions ED interest in gold smuggling case.