സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ പൊതുമരാമത്ത് വകുപ്പിനെ വലിച്ചുകീറി ഹൈക്കോടതി. റോഡിൽ കുറച്ചു മണ്ണെടുത്തിട്ടാൽ കുഴിയടക്കലാകില്ലെന്ന് കോടതി വിമർശിച്ചു. ഒട്ടേറെ എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ഇത്തരത്തിലാകുന്നുവെന്നും കോടതി ചോദിച്ചു.
തൃശൂർ -കുന്നംകുളം റോഡിലെ കുഴിയിൽ വീണതിന് ശേഷം ആദ്യമായി റോഡ് വിഷയം പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊതുമരാമത്ത് വകുപ്പിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. കുറച്ചു മണ്ണെടുത്ത് റോഡിലേക്ക് ഇട്ടാൽ കുഴിയടക്കലാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കുഴിയടക്കലിന്‍റെ മാഹാത്മ്യം മൂലം റോഡരികിലുള്ള വീടുകളിൽ താമസക്കാർക്ക് മാസ്ക് ഇട്ട് ജീവിക്കേണ്ട അവസ്ഥയാണ്. പുതിയതായി നിർമ്മിച്ച റോഡുകളിൽ പോലും കുഴിയാണ്. ഇത്രയേറെ എൻജിനീയർമാർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ അവസ്ഥയെന്ന് കോടതി ചോദിച്ചു.
ജനങ്ങളുടെ നൂറുകണക്കിന് കത്തുകൾ മുന്നിലെത്തിയിട്ടുണ്ട്. തങ്ങളുടെ ജീവന് ആര് സംരക്ഷണം നൽകുമെന്നാണ് അവരുടെ ചോദ്യം. റോഡിലൂടെ ഓടുന്ന ഓരോ വാഹനവും നികുതിയും സെസും നൽകിയിട്ടുണ്ടെന്നും പറഞ്ഞു മടുത്തെന്നും കോടതി. മഴയാണ് റോഡിൻ്റെ അവസ്ഥ മോശമാക്കുന്നതെന്ന് സർക്കാർ. ഇന്ത്യയിലേക്കാൾ മഴപെയ്യുന്ന സ്ഥലങ്ങൾ ഉണ്ടെന്നും, അവിടെയൊന്നും റോഡുകൾ ഇല്ലേ എന്നും കോടതിയുടെ പരിഹാസം. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്ന് ചോദിച്ച കോടതി എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിന്‍റെ പേരിലും, ഓവർ സ്പീഡിനും പിഴയീടാക്കുന്നതെന്നും വിമർശിച്ചു.