ഗാന്ധിജയന്തി ദിനത്തില്‍ അതിരാവിലെ തൃശൂര്‍ തളിക്കുളം ബീച്ച് വൃത്തിയാക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇറങ്ങി. കോസ്റ്റ് ഗാര്‍ഡ് സംഘടിപ്പിച്ച ശ്രമദാന പരിപാടിയിലാണ് കേന്ദ്രമന്ത്രി പങ്കെടുത്തത്.
ഗാന്ധിജയന്തിദിനത്തില്‍ തളിക്കുളം ബീച്ചായിരുന്നു ശ്രമദാന പരിപാടിയ്ക്കായി കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരഞ്ഞെടുത്തത്. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ഇന്നേദിവസം സംഘടിപ്പിക്കുന്ന പരിപാടി തളിക്കുളത്ത് മതിയെന്ന് കേന്ദ്രമന്ത്രിയാണ് നിര്‍ദ്ദേശിച്ചത്. ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പടെ സകല ചപ്പുംചവറും എടുത്തുമാറ്റി വൃത്തിയാക്കി. കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ശ്രമദാന പരിപാടിയില്‍ പങ്കെടുത്തിരുന്നു. തീരത്തു മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍, കടല്‍ ഇതെല്ലാം വീണ്ടും കരയില്‍ ഒന്നിച്ചു തള്ളുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു.
വിവിധ സ്കൂളുകളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും എന്‍.സി.സി., സ്കൗട്ട്സ് അംഗങ്ങളും ബീച്ച് വൃത്തിയാക്കാനിറങ്ങി. വിദ്യാര്‍ഥികളുടെ കലാവിരുന്നും ഒരുക്കിയിരുന്നു. സംസ്ഥാനത്തെ ബീച്ചുകള്‍ ഇതുപോലെ വൃത്തിയാക്കാന്‍ കോസ്റ്റ് ഗാര്‍ഡ് മുന്‍കയ്യെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് കേന്ദ്രമന്ത്രി തളിക്കുളത്തു നിന്ന് മടങ്ങിയത്.