അമ്പത്താറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിമാചലിലെ മഞ്ഞ് മലയില്‍ നിന്ന് കണ്ടെടുത്ത മലയാളി സൈനികന്‍ തോമസ് ചെറിയാന്‍റെ ഭൗതിക ദേഹം നാട്ടിലെത്തിച്ചു. ജനപ്രതിനിധികളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ശംഖുമുഖത്ത് ഭൗതികദേഹം ഏറ്റ് വാങ്ങിയത്. നാളെ ജന്മനാടായ പത്തനംതിട്ട ഇലന്തൂരിലാണ് സംസ്കാരം.
അഞ്ചര പതിറ്റാണ്ടിലേറെ തണുത്തുറഞ്ഞ മഞ്ഞുമലയില്‍ ഉറ്റവരെ കാത്തു കിടന്ന തോമസ് ചെറിയാന്‍ ജന്മ നാട്ടിലേയ്ക്കുളള മടക്ക യാത്രയിലാണ് . 1968 ഫെബ്രുവരി ഏഴിന് റോത്തങ് പാസിലുണ്ടായ സൈനിക വിമാന അപകടത്തിലാണ് ധീരസൈനികന്‍ ജീവനര്‍പ്പിച്ചത്. അന്നുമുതല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരച്ചിലിലാണ് മറ്റ് മൂന്ന് പേര്‍ക്കൊപ്പം തോമസിന്റെ ഭൗതിക ദേഹവും വീണ്ടെടുത്തത്. ഒന്നരയോടെ പ്രത്യേക സൈനിക വിമാനത്തില്‍ ശംഖുമുഖത്തെത്തിച്ച ഭൗതിക ദേഹം കരസേനയിലേയും വ്യോമസേനയിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.
22 വയസില്‍ നഷ്ടപ്പെട്ട സഹോദരന്‍റെ ഓര്‍മയില്‍ ഉറ്റബന്ധുക്കള്‍ വിങ്ങിപ്പൊട്ടി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോര്‍ജ് , കലക്ടര്‍ അനുകുമാരി എന്നിവരും ആദരമര്‍പ്പിച്ചു. പാങ്ങോട് സൈനിക ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ജന്മനാട്ടിലേയ്ക്ക് കൊണ്ടുപോകും. 2 മണിക്ക് ഇലന്തൂര്‍ സെന്റ് പീറ്റേഴ്സ് പളളി സെമിത്തേരിയിലാണ് സംസ്കാരം.