manaf-youtube-channel

ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുളള പ്രശ്നങ്ങള്‍ സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. അര്‍ജുന്‍റെ കുടുംബവും മനാഫും തമ്മിലുളള ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നതിനിടയിലും മനാഫിനെ പിന്തുണച്ച്  ഒട്ടേറെ പേരാണ് രംഗത്തെത്തുന്നത്. അര്‍ജുനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സ് രണ്ടര ലക്ഷം പിന്നിട്ടു. ഒരോ മിനിറ്റിലും മനാഫിന്‍റെ യൂട്യൂബ് ചാനലിലേക്ക് ഒട്ടേറെപേരാണ് എത്തിച്ചേരുന്നത്. അതേസമയം അർജുന്‍റെ സഹോദരീഭർത്താവ് ജിതിനെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫ് ചെയ്യുന്നതെന്ന് പറഞ്ഞ് അര്‍ജുന്‍റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. പി.ആര്‍. ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും അര്‍ജുന്‍റെ കുടുംബം തുറന്നടിച്ചിരുന്നു. പലയിടങ്ങളില്‍ നിന്നും അര്‍ജുന്‍റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്ന് അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചിരുന്നു. എന്നാല്‍ അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നതായിരുന്നു ലോറിയുടമ മനാഫിന്‍റെ പ്രതികരണം.

താന്‍ ഒരിടത്തുനിന്നും ഫണ്ട് വാങ്ങിയിട്ടില്ലെന്നും, കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്ത് വന്ന് നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂ എന്നുമാണ് മനാഫ് പ്രതികരിച്ചത്. അതേസമയം കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില പുറത്തെന്ന് പറയുന്ന പോലെയാണ് അര്‍ജുന്‍റെ കുടുംബം മനാഫിനോട് ചെയ്തതെന്ന് സൈബറിടത്ത് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അര്‍ജുനെ ഉപയോഗിച്ച് സോഷ്യല്‍ ലോകത്ത് സ്റ്റാര്‍ ആകാനുളള മനാഫിന്‍റെ ശ്രമം തെറ്റാണെന്ന് മറ്റുചിലര്‍ ചൂണ്ടി. അര്‍ജുന്‍റെ കുടുംബവും മനാഫും തമ്മിലുളള പ്രശ്നങ്ങള്‍ വിവാദമായി മാറിക്കൊണ്ടിരിക്കുമ്പോഴും മനാഫിന്‍റെ യൂട്യൂബ് ചാനല്‍ കുതിച്ചുയരുകയാണ്.