Image Credit: ആനപ്രേമിസംഘം ദേവിയാർ (Facebook)

Image Credit: ആനപ്രേമിസംഘം ദേവിയാർ (Facebook)

TOPICS COVERED

കോതമംഗലത്ത് സിനിമ ഷൂട്ടിങ്ങിനിടെ ഏറ്റുമുട്ടി കാടുകയറിയത് ഏറെ ആരാധാകരുള്ള ആനകളിലൊന്നായ പുതുപ്പള്ളി സാധു. കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പ് വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള ആന ആരണ്യ പ്രജാപതിയെന്നാണ് അറിയപ്പെടുന്നത്. 98ല്‍ അസമില്‍ നിന്നാണ് സാധുവിനെ വര്‍ഗീസ് സ്വന്തമാക്കുന്നത്. അവിടെ രേഖകളിലുണ്ടായിരുന്ന അതേ പേര് തന്നെ ആനയ്ക്ക് നല്‍കുകയായിരുന്നു. 

പേരുപോലെ തന്നെ ശാന്തപ്രകൃതക്കാരനാണ് സാധുവെന്ന കൊമ്പന്‍. തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ ഒട്ടുമിക്ക ഉത്സവങ്ങളിലും താരസാന്നിധ്യമാണ് പുതുപ്പള്ളി സാധു. പ്രിയ്യപ്പെട്ട ആനയ്ക്കായി ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനായി അനുമതി വാങ്ങിയാണ് ആനയെ അയച്ചതെന്ന് പുതുപ്പള്ളി സാധുവിന്‍റെ ഉടമ പാപ്പാലപ്പറമ്പ് വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.

വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകളാണ് ഏറ്റുമുട്ടിയത്. പുതുപ്പള്ളി സാധുവിനെ കൂടാതെ തടത്താവിള മണികണ്ഠന്‍ എന്ന ആനയേയും ഷൂട്ടിങിനായി എത്തിച്ചിരുന്നു. കുട്ടമ്പുഴ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്. അഞ്ച് ആനകളെ ഉള്‍പ്പെടുത്തി സംഘട്ടനരംഗത്തിന്‍റെ ചിത്രീകരണം പുരോഗമിക്കവെയാണ് സംഭവം. 

ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിച്ചു. പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ആനകള്‍ വിരണ്ടോടിയതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും നാട്ടുകാരും പരക്കംപാഞ്ഞു. ഇതിനിടയില്‍ പലര്‍ക്കും പരുക്കേറ്റു. ചിത്രീകരണത്തിനായി എത്തിയ ക്യാമറകള്‍ക്കടക്കം കേടുപാടുകളുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പുതുപ്പള്ളി സാധുവിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. സ്ഥിരമായി കാട്ടാനകൂട്ടം ഇറങ്ങുന്ന പ്രദേശത്ത് രാത്രിവൈകിയും ആനയെ തേടുന്നത് അപകടകരമാണ്. മറ്റ് നാല് ആനകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് സ്ഥലത്ത് നിന്ന് മാറ്റി. 

ENGLISH SUMMARY:

The elephant went missing in Kothamangalam, during a film shoot is one of the most beloved elephants among fans, called Puthuppally Sadhu.