cpm-flag-04

പാലക്കാട് – ചേലക്കര ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ അടുത്താഴ്ച സിപിഎം പ്രഖ്യാപിക്കും.  ചേലക്കരയില്‍ മുന്‍ എം.എല്‍.എ യുആര്‍ പ്രദീപ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് ഉചിതമായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ജില്ലാ ഘടത്തിന് നിര്‍ദേശം നല്‍കി.  സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍ ജനങ്ങള്‍ അംഗീകരിക്കുന്നോ എന്നതിന്‍റെ ഉത്തരമാണ് ചേലക്കര , പാലക്കാട് ഉപതിഞ്ഞെടുപ്പുകളിലൂടെ ഇടതുമുന്നണി തേടുന്നത്.

 

 

അടുത്താഴ്ച ആദ്യം വിജ്ഞാപനം വരുമെന്ന് പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്. വരുന്ന വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ഥികളെ അന്തിമമാക്കും. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള ചേലക്കരയില്‍ യുഡിഎഫിന് നേട്ടമുണ്ടാകുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. അതിന് ശേഷം മാത്രമേ പാലക്കാട് പാര്‍ട്ടിക്ക് മുന്‍പിലുള്ളത്. കെ.രാധാകൃഷ്ണന് വേണ്ടി മാറിക്കൊടുത്ത യുആര്‍ പ്രദീപിനെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കും.

 

കഴിഞ്ഞ രണ്ടു തവണയും മൂന്നാം സ്ഥാനത്ത് പോയ പാലക്കാട് ജയിക്കാനായില്ലെങ്കിലും ബിജെപിയെ ജയിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിപിഎമ്മിനുണ്ട്. പാലക്കാട് മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതാണ് സിപിഎമ്മിന്‍റെ മുന്‍പിലുള്ള വെല്ലുവിളി. ഏറെ രാഷ്ട്രീയവെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.

ഷാഫി പറമ്പിൽ വടകരയിൽനിന്നും കെ.രാധാകൃഷ്ണൻ ആലത്തൂരിൽനിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം, ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസും ഒരുക്കം തുടങ്ങി. പാലക്കാട് നിയോജക മണ്ഡലത്തിന്റെ ചുമതല കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, വി.ബാബുരാജിനും ചേലക്കര നിയോജക മണ്ഡലത്തിന്റെ ചുമതല കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവർക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നല്‍കിയിരുന്നു.

ENGLISH SUMMARY:

CPM candidates for Palakkad and Chelakkara by-elections will be announced next week