ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ സഹോദരി നല്‍കിയ പരാതിയിലെടുത്ത കേസില്‍ ലോറി ഉടമ മനാഫിനെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കി സാക്ഷിയാക്കും. മനാഫിന്‍റെ യുട്യൂബ് ചനാല്‍ പരിശോധിച്ചെങ്കിലും കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താന്‍ പൊലീസിനായില്ല. ചാനലിലെ 33 വീഡിയോകളാണ് പൊലീസ് പരിശോധിച്ചത്. തുടര്‍ന്നാണ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്. വ്യാഴാഴ്ചയാണ് മനാഫിനെ ഒന്നാം പ്രതിയാക്കി ചേവായൂര്‍ പൊലീസ് കേസെടുത്തത്. അര്‍ജുന്‍റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയും മതസപര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയ 8 യുട്യൂബ് ചാനലുകള്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പടക്കം ചുമത്തിയായിരുന്നു അർജുന്‍റെ സഹോദരി അഞ്ജുവിന്‍റെ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍, മനാഫിനെതിരെയല്ല, സമൂഹമാധ്യമങ്ങളിലെ മോശം പ്രതികരണങ്ങൾക്കെതിരെയാണ് പരാതി നൽകിയതെന്ന പ്രതികരണവുമായി അർജുന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. ഏത് കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും അർജുന്‍റെ കുടുംബത്തിനൊപ്പം നിൽക്കുമെന്നായിരു മനാഫിന്‍റെ പ്രതികരണം.
ഫണ്ട് പിരിവും വൈകാരികത മുതലെടുപ്പുമടക്കം മനാഫിനെതിരെ പരാതി ഉന്നയിച്ച ശേഷമാണ് അർജുന്‍റെ കുടുംബം നിയമവഴി തേടിയത്. അതിരൂക്ഷ സൈബർ അതിക്രമവും ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി. യൂട്യൂബ് ചാനൽ വഴി കുടുംബത്തിനെ അപകീർപ്പെടുത്തിയെന്നും കുടുംബത്തിന്‍റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തുവെന്നും ചേവായൂർ പൊലിസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറഞ്ഞിരുന്നു.