പി.ആര്‍ ഏജന്‍സി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട്  സംസ്ഥാന സമിതിയില്‍ ചോദ്യങ്ങളുയര്‍ത്തി എം.വി ജയരാജന്‍. കണ്ണൂരില്‍ നിന്ന് തന്നെയുള്ള നേതാവ് ചോദ്യങ്ങളുമായെഴുനേറ്റത് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി.  വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ കെ.ചന്ദ്രന്‍ പിള്ളയും ചോദ്യം ചെയ്തു. 

മുഖ്യമന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം സംസ്ഥാന സെക്രട്ടറി സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചപ്പോഴാണ് എം.വി. ജയരാജന്‍ ചോദ്യങ്ങളുയര്‍ത്തിയത്. പി.ആര്‍ ഏജന്‍സി വിഷയത്തിനുമപ്പുറം മലപ്പുറം പരാമര്‍ശമുണ്ടാക്കിയ ഡാമേജിന്‍റെ ഉത്തരവാദിത്തം ആര്‍ക്കെന്നാണ് എം.വി.ജയരാജന്‍ ചോദിച്ചത്.

ദ് ഹിന്ദു പത്രം ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണം കൂടുതല്‍ ക്ഷതമണ്ടാക്കയില്ലേ എന്ന് കെ. ചന്ദ്രന്‍പിള്ളയും ചോദിച്ചു . ഇരുവരുടെയും നിലപാട് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയെങ്കിലും  നിലവില്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്നറിയുന്നു. വിവാദത്തില്‍ പി ആര്‍ ഏജന്‍സി‌‌യെ സംരക്ഷിക്കുന്ന നിലപാട് തുടര്‍ന്നേക്കും.

മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും ഉത്തരം മുട്ടിയ പി.ആര്‍ വിവാദം തണുപ്പിക്കാനാണ് ശ്രമം. പാര്‍ട്ടി നേതാവ് ദേവകുമാറിന്‍റെ മകന്‍ സുബ്രഹ്മണ്യം തന്നെയാണ് മലപ്പുറം പരാമര്‍ശം ഹിന്ദു ദിനപത്രത്തിന് നല്‍കിയതെന്നാണ് പാര്‍ട്ടി കരുതുന്നത്.   സുബ്രഹ്മണ്യത്തിന്‍റെ ഇടപെടല്‍ ദുരുദ്ദേശപരമല്ലെന്നും പാര്‍ട്ടി കരുതുന്നു. മലപ്പുറം പരാമര്‍ശം തിരുകി കയറ്റിയത് ദുരുദ്ദേശപരമെന്ന് പറഞ്ഞാല്‍ കേസെടുക്കേണ്ടി വരുമെന്നും അതു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നുമാണ് വിലയിരുത്തല്‍.

ENGLISH SUMMARY:

Pinarayi Vijayan interview pr controversy MV Jayarajan and K. Chandran pillai questioned the cm