TOPICS COVERED

തോട്ടം തൊഴിലാളികളെ മുള്‍മുനയിലാക്കി വീണ്ടും വാല്‍പാറയില്‍ കാട്ടാനക്കൂട്ടം. രാപകല്‍ വ്യത്യാസമില്ലാതെ ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂ‌ട്ടം കൃഷി നശിപ്പിക്കുന്നതും ലയങ്ങള്‍ തകര്‍ക്കുന്നതും പതിവായിട്ടുണ്ട്. തോട്ടങ്ങളില്‍ അപ്രതീക്ഷിതമായി കാട്ടാനയിറങ്ങുന്നത് സാധാരണക്കാരുടെ ഉപജീവനമാര്‍ഗവും നഷ്ടപ്പെടുത്തുകയാണ്.

നിറയെ യാത്രക്കാരുമായി കുരുങ്ങുമുടി എസ്റ്റേറ്റില്‍ നിന്നും ആക്കാമലയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസിന് മുന്നില്‍ കാട്ടാനക്കൂട്ടം തടസം തീര്‍ത്തു. അരമണിക്കൂറിലേറെയാണ് കാട്ടാനക്കൂട്ടത്തെ പേടിച്ച് നിരവധി യാത്രികരും ബസ് ജീവനക്കാരും വനത്തില്‍പ്പെട്ടത്.  വഴിതടഞ്ഞ കാട്ടാനക്കൂട്ടം സ്വന്തം നിലയില്‍ വനത്തിലേക്ക് മാറിയതിന് ശേഷമാണ് വാഹനങ്ങള്‍ക്ക് മുന്നോട്ട് നീങ്ങാനായത്.

Also Read : കാട്കയറിയ ‘സാധു’വിനെ ട്രാക്ക് ചെയ്തെന്ന് സൂചന; തിരച്ചിലിന് 50 അംഗ സംഘം

 രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്ക് ഇറങ്ങുകയാണ്. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ തേടിയാണ് ആനക്കൂട്ടത്തിന്റെ വരവ്. തോട്ടങ്ങളില്‍ നിലയുറപ്പിക്കുന്ന ആനക്കൂട്ടം കണ്ണില്‍ക്കണ്ടതെല്ലാം തച്ച് തകര്‍ക്കുന്ന സ്ഥിതിയാണ്. ലയങ്ങളോട് ചേര്‍ന്ന് തൊഴിലാളികള്‍ പരിപാലിക്കുന്ന വാഴയും, ചേനയും, ചേമ്പും, മരച്ചീനിയും ഉള്‍പ്പെടെ തരിപ്പണമാക്കുന്നതും പതിവാണ്. ജീവന്‍ പണയം വച്ചാണ് തൊഴിലാളികള്‍ ഭൂരിഭാഗവും ജോലിക്കിറങ്ങുന്നത്. 

റേഷന്‍കട, സ്കൂള്‍ കെട്ടിടം, ചായക്കട തുടങ്ങി വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സകലതും കാല്‍ക്കീഴിലാക്കുന്ന ആനക്കൂട്ടത്തിന്റെ ശൈലി തുടര്‍ന്നാല്‍ സാധാരണക്കാരായ തൊഴിലാളികള്‍ ദുരിതത്തിലാവും. ആനക്കൂട്ടത്തെ നിരീക്ഷിച്ച് കാട് കയറ്റാന്‍ പ്രത്യേക ആര്‍ആര്‍ടി സംഘത്തിന് ചുമതല നല്‍കിയിട്ടുണ്ടെന്ന് വനപാലകസംഘം അറിയിച്ചു.

ENGLISH SUMMARY:

A herd of wild elephants has once again put plantation workers on edge in Valparai. The elephants frequently enter residential areas, both day and night, causing damage by destroying crops and breaking down huts.