എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഇന്ന് തീരുമാനം. ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ കണ്ട് അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ ധരിപ്പിക്കും. ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിക്കുന്ന റിപ്പോർട്ടും മുഖ്യമന്ത്രി പരിശോധിക്കും. അതിനുശേഷം വൈകിട്ടോടെ ക്രമസമാധാന ചുമതലയിൽ നിന്ന് എംആർ അജിത്കുമാറിനെ മാറ്റി ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർഎസ്എസ് കൂടിക്കാഴ്ച കേന്ദ്രീകരിച്ച് ആയിരിക്കും നടപടി ഉണ്ടാവുക. ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപി നൽകിയ വിശദീകരണം ഡി ജി പി തള്ളിയിരുന്നു.

ക്രമസമാധാന ചുമതലയിൽ നിന്ന് എംആർ അജിത്കുമാറിനെ മാറ്റി ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Also Read : ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്; അജിത് കുമാറിനെ മാറ്റുന്നതില്‍ നിര്‍ണായകം

സ്വകാര്യ കൂടിക്കാഴ്ച എന്ന വിശദീകരണം തൃപ്തികരമല്ല എന്നാണ് ഡിജിപിയുടെ നിലപാട്. ഔദ്യോഗിക വാഹനം  ഉപേക്ഷിച്ച് ആർഎസ്എസ് നേതാവിന്റെ കാറിൽ പോയതിൽ അടക്കം ഡിജിപി സംശയം ഉന്നയിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ വീഴ്ച കണ്ടെത്തിയാൽ നടപടി എന്ന് മുഖ്യമന്ത്രി പലതവണ ഉറപ്പു നൽകിയതിനാൽ ഇനിയും അജിത് കുമാറിനെ സംരക്ഷിച്ചേക്കില്ല. അതേസമയം പി വി അൻവർ ഉന്നയിച്ച ഭൂരിഭാഗം ആരോപണങ്ങളിലും ക്ലീൻ ചിറ്റാണ് നൽകിയിരിക്കുന്നത്.

അതേ സമയം ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ നാളെ നിയമസഭാ സമ്മേളനത്തിന് മുന്‍പ് നടപടിയെടുത്തില്ലെങ്കിലും കാത്തിരിക്കാനാണ് സിപിഐ തീരുമാനം. സമ്മേളനം നാളെ ആരംഭിക്കും മുന്‍പ് മാറ്റണമെന്നാണ് സിപിഐ ആവശ്യം എന്നാല്‍ ഇന്നലെ രാത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ രണ്ടു ദിവസം വൈകിയാലും സിപിഐ പരസ്യവിമര്‍ശനം നടത്തില്ല. നിയമസഭയില്‍ പ്രതിപക്ഷം  വിമര്‍ശനം ഉയര്‍ത്തിയാലും സിപിഐ സര്‍ക്കാരിനെ സഭയില്‍ പ്രതിസന്ധിയിലാക്കില്ല. പ്രതിപക്ഷ വിമര്‍ശനത്തിന് പിന്‍തുണ നല്‍കാനും സഭയില്‍ സിപിഐ തയാറാവില്ല.

ENGLISH SUMMARY:

DGP Submitted The Report Against ADGP Ajith Kumar