മഞ്ചേരിയിലെ പൊതുസമ്മേളന വേദിയില്‍ പി.വി.അന്‍വറിനെ കാത്തിരിക്കുന്നത് വന്‍ ജനക്കൂട്ടം. ‘വെയ്റ്റ് ആന്‍ഡ് സീ, അപ്പുറം പാക്കലാം’ എന്നു പറഞ്ഞ് വീട്ടില്‍ നിന്നും അന്‍വര്‍ ഇറങ്ങുമ്പോള്‍ അന്‍വറിനെ ഒന്നു കാണാനും കേള്‍ക്കാനും വേണ്ടി മാത്രം തടിച്ചുകൂടുകയാണ് ജനം. ‘കേരളത്തിലെ വിപ്ലവ നായകനാണ് അന്‍വറെന്നും പാവങ്ങള്‍ക്കൊപ്പം അന്‍വറല്ലാതെ വേറാരുമില്ലെന്നുമാണ്’ മഞ്ചേരിയില്‍ തടിച്ചുകൂടിയ ജനം പറയുന്നത്. പനിയുള്ള കുട്ടിയേയും കൊണ്ടാണ് വന്നത്. മുന്നില്‍ സീറ്റ് കിട്ടിയില്ലെന്ന പരിഭവവും ആളുകള്‍ പങ്കിടുന്നു. സമ്മേളനവേദിയിലെ ജനങ്ങളുടെ പ്രതികരണങ്ങളിലേക്ക്....
കേരളത്തിലെ വിപ്ലവ നായകനെയാണ് അന്‍വറിലൂടെ കാണുന്നതെന്നാണ് കൊയിലാണ്ടിയില്‍ നിന്നെത്തിയ യുവാവ് പറയുന്നത്. ‘ഇതുവരെയുള്ള ഏത് നേതാക്കന്‍മാരെ എടുത്തുനോക്കിയാലും കുറേ ആരോപണങ്ങളുണ്ട് കുറേ പ്രശ്നങ്ങള്‍ ഉണ്ട്. പക്ഷേ പിവി കേരളത്തിന് മുന്നിലേക്ക് കുറേ വിഷയങ്ങള്‍ ഉന്നയിച്ചത് സത്യസന്ധമായ തെളിവുകളോടെയാണ്. അതിന്‍റെ ജനാവലിയാണ് കാണുന്നത്. ഓരോ സമ്മേളനത്തിലും ദൂരെ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വരികയാണ്. അത് പിവിയില്‍ വിശ്വാസമുള്ളതുകൊണ്ടാണത്’ യുവാവ് പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം പോലും വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്നും അന്‍വറിന്‍റെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് സമ്മേളനവേദിയില്‍ എത്തിയതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ പറയുന്നത് മുഴുവനായിട്ടല്ലെങ്കിലും ഏറെയും കാര്യമാണെന്ന് സമ്മേളനവേദിയിലെത്തിയ ഇടതുപക്ഷ അനുഭാവിയും പറയുന്നു. പലതിലും പോയന്‍റ് ഉണ്ട്. നിസാരമായി പരിഹരിക്കേണ്ട പ്രശ്നം സിഎം വഷളാക്കിയതാണ്. അതൊഴിവാക്കണമായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. അതേസമയം, പാവങ്ങളുടെ ബുദ്ധിമുട്ട് അന്‍വര്‍ കണ്ടപ്പോള്‍ ഞങ്ങളെ രക്ഷിക്കുമെന്ന് വിചാരിച്ച് കൂടെ പോണതാണെന്ന് ലീഗ് അനുയായിയും വ്യക്തമാക്കി. ‘പാവങ്ങള്‍ക്കൊപ്പം അന്‍വറല്ലാതെ വേറാരുമില്ല, അതുകൊണ്ട് അന്‍വറിന്‍റെ കൂടെ എല്ലാവരുമുണ്ടാരും. ഇപ്പോളും ലീഗിന്‍റെ കൂടെയാണ്. പക്ഷേ ഇക്കാര്യത്തില്‍ അന്‍വറിനൊപ്പമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.