ബലാല്‍സംഗക്കേസില്‍ ചോദ്യം ചെയ്യലിനായി നടന്‍ സിദ്ദിഖ് തിരുവനന്തപുരം കമ്മിഷണര്‍ ഓഫിസില്‍ ഹാജരായി. തിരുവനന്തപുരം നര്‍കോട്ടിക്സ് സെല്‍ എസിപിയും സംഘവുമായിരിക്കും സിദ്ദിഖിനെ ചോദ്യം ചെയ്യുക. അന്വേഷണസംഘത്തിന്‍റെ  നിര്‍ദേശാനുസരണം  സിദ്ദിഖ് പിന്നീട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പോയി.

സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ അറസ്റ്റ് ചെയ്താലും വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. എന്നാല്‍, രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്. ചില പരിശോധനകള്‍ക്ക്  സിദ്ദിഖിനെ വിധേയനാക്കണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. 

തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാല്‍സംഗം,  ഭീഷണിപ്പെടുത്തല്‍  എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.  അറസ്റ്റിനെതിരെ  ഹൈക്കോടതിയെ സമീപിച്ചെങ്കിലും  മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല . തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദിഖ്  മുന്‍കൂര്‍  ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. താല്‍കാലികമായി അറസ്റ്റ് തടഞ്ഞ  സുപ്രീംകോടതി അന്വേഷണഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകാന്‍ സിദ്ദിഖിന് നിര്‍ദേശം നല്‍കി .കേസില്‍ അറസ്റ്റുണ്ടായാല്‍  വിചാരണ കോടതിയില്‍ ഹാജാക്കി ജാമ്യം നല്‍കാനും സുപ്രീകോടതി നിര്‍ദേശിച്ചു . ഇതേ തുടര്‍ന്നാണ് സിദ്ദിഖ് പുറത്തുവന്നതും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായതും.

ENGLISH SUMMARY:

Rape Case Actor siddique appears before sit in Thiruvananthapuram