k-surendran-file-1206
  • മഞ്ചേശ്വരം കോഴക്കേസ്: വിധിപ്പകര്‍പ്പ് മനോരമ ന്യൂസിന്
  • കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച
  • കാലതാമസത്തിന്‍റെ കാരണം ബോധിപ്പിച്ചിട്ടില്ലെന്നും വിധിയില്‍

മഞ്ചേശ്വരം കോഴക്കേസില്‍ പൊലീസിന് ഗുരുതര വീഴ്ച. കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന്‍റെ വിധിപ്പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച. കുറ്റപത്രം സമര്‍പ്പിച്ചത് സമയപരിധി കഴിഞ്ഞെന്നും കോടതി. കാലതാമസത്തിന്‍റെ കാരണം ബോധിപ്പിച്ചിട്ടില്ലെന്നും വിധിയില്‍ പറയുന്നു. കെ.സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിന് തെളിവില്ലെന്നും കോടതി.

 

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് ബി.ജെ.പി നേതാക്കളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തല്‍. പകരമായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും സുന്ദരയ്ക്ക് നല്‍കി.എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവര്‍ വിടുതല്‍ ഹര്‍ജി നല്‍കി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറുപ്രതികളെയും കേസില്‍ നിന്ന് ഒഴിവാക്കിയത്.

സുരേന്ദ്രന് പുറമെ യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി ജെ പി ജില്ലാ മുന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, പ്രാദേശിക നേതാക്കളായ കെ സുരേഷ് നായക്, മണികണ്ഠ റേ, ലോകേഷ് നോണ്ട എന്നിവരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നവര്‍. കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റ അടിസ്ഥാനത്തിലാണ് എല്‍ ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ വി വി രമേശന്‍ കോടതിയെ സമീപിച്ചത്. അപ്പീല്‍ പോകുമെന്ന് അന്നത്തെ എല്‍ ഡി.എഫ് സ്ഥാനാര്‍ഥിയും ഹര്‍ജിക്കാരനുമായ വി.വി.രമേശന്‍ പറഞ്ഞിരുന്നു.

755 വോട്ടിനായിരുന്നു കഴിഞ്ഞതവണ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. 2016 ല്‍ 89 വോട്ടിന് തോറ്റപ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദര 467 വോട്ട് നേടിയിരുന്നു. 

Serious failure of police in Manjeswaram election bribery case; The charge sheet was filed after the deadline

ENGLISH SUMMARY:

Serious failure of police in Manjeswaram election bribery case; The charge sheet was filed after the deadline