TOPICS COVERED

സര്‍ക്കാര്‍ ക്വാട്ട വഴി അടുത്തവര്‍ഷത്തെ ഹജിന് പോകാന്‍ കേരളത്തില്‍നിന്ന് 14,590  പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 6046 പേര്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. രാജ്യത്താകെ 65 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 14,728 പേരും

ആൺ തുണയില്ലാതെ പോകുന്ന സ്ത്രീകളുടെ വിഭാഗത്തില്‍ 3717 പേരും ഉള്‍പ്പെട്ടു.  ഈ മാസം 25 ന് മുന്‍പ് ചെലവിന്‍റെ ആദ്യഗഡു നല്‍കണമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു.

കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജിന് പോകാന്‍ അര്‍ഹരായ 1,51,981 അപേക്ഷകരില്‍  1,22,518 പേരാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്ന് 20,636 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 14,590 പേര്‍ അര്‍ഹതനേടി. മാനദണ്ഡപ്രകാരം കേരളത്തിന് ആറായിരത്തോളം സീറ്റുകളാണ് ഉണ്ടായിരുന്നത്. 11 സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറഞ്ഞതോടെ ഇവിടെയുള്ള അധിക ക്വാട്ട അപേക്ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുകയായിരുന്നുവെന്ന് കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു.

കേരളത്തില്‍ നിന്ന്  65 വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 3462 പേരും ആണ്‍തുണയില്ലാതെ പോകുന്നവരുടെ പട്ടികയില്‍ 2823 പേരും ഉള്‍പ്പെട്ടു.   തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡുവായ 1,30,300 രൂപ ഈ മാസം 25 ന് മുന്‍പ് എസ്.ബി.ഐ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് വഴി അടയ്ക്കണം.  ഗുജറാത്തില്‍നിന്നായിരുന്നു ഇത്തവണ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍. 24,484 പേര്‍. ഡല്‍ഹിയില്‍ ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് ഓഫിസില്‍ ഡിജിറ്റലായിട്ടായിരുന്നു നറുക്കെടുപ്പ്. 

ENGLISH SUMMARY:

14,590 people from Kerala have been selected by lottery to go for next year's Hajj through government quota