ഇടയാർ വ്യവസായ മേഖലയിലെ മൃഗ കൊഴുപ്പ് സംസ്കരണ ഫാക്ടറിയിൽ മിനി ബോയിലർ പൊട്ടിത്തെറിച്ചതിൽ ഗുരുതര സുരക്ഷ വീഴ്ച്ച. കമ്പനിയിൽ ഉപയോഗിച്ചത് പ്രാദേശികമായി നിർമിച്ച ഗുണനിലവാരം കുറഞ്ഞ ബോയിലർ ആണെന്ന് കണ്ടെത്തൽ. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സുരക്ഷ വീഴ്ച്ച കണ്ടെത്തിയത്.
ഇടയാർ വ്യവസായ മേഖലയിലെ ഫോർമൽ ട്രേഡ് ലിങ്ക്സ് എന്ന ഫാക്ടറിയിൽ മിനി ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഉദ്യോഗസ്‌ഥർ ഇന്നലെ കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. ഫാക്ടറിയിൽ ഉപയോഗിച്ച മിനി ബോയിലർ ഗുണ നിലവാരം ഇല്ലാത്തതാണെന്ന് കണ്ടെത്തി. ഐ.ബി.ആർ മാനദണ്ഡം അനുസരിച്ചുള്ള ബോയിലറിന് പകരം പ്രാദേശികമായി നിർമിച്ച ബോയിലർ ആണ് ഫാക്ടറിയിൽ ഉപയോഗിച്ചത്. ബോയിലർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ടെക്‌നീഷ്യൻ മാരും ഉണ്ടായിരുന്നില്ല. പൊട്ടിത്തെറിച്ചത് മിനി ബോയിലർ ആയതിനാലാണ് വൻ അപകടം ഒഴിവായതെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥരുടെ പരിശോധന റിപ്പോർട്ടിൽ പറയുന്നു. പ്രാദേശികമായി നിർമിച്ച ബോയിലറിന്റെ എടയറിലെ എൻജിനീയറിങ് കമ്പനിയിലും പരിശോധന നടത്തി. അതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് ഫാക്ടറിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു.മൃഗ കൊഴുപ്പ് സംസ്കരിച്ചു സോപ്പ് നിർമാണ കമ്പനിക്കാണ് നൽകുന്നത്. ശനിയാഴ്ച രാത്രിയാണ് മിനി ബോയിലർ പൊട്ടിത്തെറിച്ചു ഒഡീഷ സ്വദേശി ബിക്രം പ്രധാൻ മരിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ എടയാർ വ്യവസായ മേഖലയിലെ മറ്റ് ഫാക്ടറികളിലും സുരക്ഷ പരിശോധന നടത്തും.