കോഴിക്കോട് തിരുവമ്പാടിയിൽ കാളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. മുത്തപ്പൻപുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. കാളിയാമ്പുഴ പാലത്തിന്റെ കൈവരി തകർത്താണ് ബസ് പുഴയിലേക്ക് വീണതെന്ന് ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് പറഞ്ഞു. റോഡിൽ ബസ് ഉരഞ്ഞ പാടുണ്ട്. ബസിൽ 50 ഓളം പേരുണ്ടായിരുന്നെന്നും മുഴുവൻ പേരെയും രക്ഷപ്പെടുത്തിയതായും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
Also Read: കോഴിക്കോട് ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു മരണം; മൂന്നുപേരുടെ നില ഗുരുതരം
പാലത്തിൽ വീത കുറഞ്ഞ ഭാഗത്താണ് അപകടം. ബസ് നേരെ പുഴയിലേക്ക് പതിക്കുകയായിരുന്നു. മുൻഭാഗത്തെ ആദ്യ ഡോർ വരെ വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. വെള്ളത്തിൽ നിന്നും നാല് പേരെ രക്ഷപ്പെടുത്തിയതായും ബോസ് ജേക്കബ് പറഞ്ഞു. കൂടുതൽ പേർ വെള്ളത്തിൽ കുടുങ്ങിയിട്ടുണ്ടോ എന്നുള്ള പരിശോധനയാണ് നടക്കുന്നത്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താൻ ശ്രമിക്കുന്നുണ്ട്. പാലത്തിന് വീതി കുറഞ്ഞ ഭാഗമായതിനാൽ ചെറിയ പ്രതിന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരിൽ ഭൂരിഭാഗവും തിരുവവമ്പാടി പഞ്ചായത്തുകാരാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തിൽ നിലവിൽ ഒരു മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. 60 വയസ്സുള്ള കണ്ടപ്പൻചാൽ സ്വദേശിയായ സ്ത്രീയാണ് ആശുപത്രിയിൽ മരിച്ചത്. മൂന്ന് പേരുടെ നില ഗുരുതരമാണ്. 13 പേർക്ക പരുക്കുണ്ട്. എൽസി ജോസഫ്(70), ഖമറുന്നീസ(43), ഗ്രേസ് അന്ന(67), റോസ്‌ലി(71), ഷിബു മാമ്പറ്റ(49).രാജേഷ് കാഞ്ഞിരമുഴി(42), മുത്തപ്പൻപുഴ മനോജ് സെബാസ്റ്റ്യൻ(48) എന്നിവർക്ക് പരുക്ക്. പരുക്കേറ്റവരെ കെഎംസിടി, ഓമശേരി ശാന്തി ആശുപത്രികളിലേക്ക് മാറ്റി.