ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്ന് മകനെ ലഹരി സംഘം കടത്തിക്കൊണ്ടുപോയെന്ന പരാതിയുമായി കുടുംബം. യുവാവിന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് കടത്തലിന് പിന്നിലെന്നാണ് ആരോപണം. മൂവാറ്റുപുഴ നഗരസഭ വാര്‍ഡ് കൗണ്‍സിലറുടെ മകനെയാണ് കടത്തിയത്.
എറണാകുളം കളമശേരിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിച്ച ആസാദ് ജീലാനി എന്ന 25 കാരനെയാണ് ലഹരി സംഘം കടത്തിയതായി പരാതി. മൂവാറ്റുപുഴ മുന്‍സിപാലിറ്റി 11 ആം വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ ഖാദറിന്‍റെ മകനെയാണ് ചികിത്സയ്ക്ക് അയച്ചത്. ചികിത്സയിലുള്ള യുവാവിന്‍റെ സഹോദരന്‍മാരെന്ന വ്യാജേന ഒക്ടോബര്‍ അഞ്ചിന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് യുവാവിനെ സംഘം കടത്തി കൊണ്ടു പോയതായാണ് പിതാവിന്‍റെ പരാതി. ആലുവ റൂറല്‍ എസ്.പി യ്ക്ക് നല്‍കിയ പരാതി മൂവാറ്റുപുഴ പൊലീസ് അന്വേഷിക്കും.
മാരകമായ രാസ ലഹരിയ്ക്ക് അടിമയായ മകനെ നാളുകളായി ചികിത്സിക്കുകയാണ്. മുന്‍പും പല തവണ ഇയാള്‍ വീട് വിട്ട് ഇറങ്ങിയിട്ടുണ്ട്. മൂവാറ്റുപുഴ നഗരത്തിലെ ലഹരി സംഘങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് പിതാവിന്‍റെ ആവശ്യം.