തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ ആരോഗ്യവകുപ്പ് ജീവനക്കാരന്റെ നാല്‍പത് ഓണം ബംപര്‍ ടിക്കറ്റുകള്‍ മോഷണം പോയെന്ന് പരാതി. ഒല്ലൂര്‍ പൊലീസിന് പരാതി നല്‍കി.
തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പി.എ. രമേഷ്കുമാറാണ് പരാതിക്കാരന്‍. സാമ്പത്തിക പ്രയാസം മറികടക്കാന്‍ ഒന്നും രണ്ടും ലോട്ടറിയല്ല വാങ്ങിയത്. നാല്‍പതെണ്ണം. അതും, ഓണം ബംപര്‍. ഹോള്‍സെയില്‍ നിരക്കില്‍ പതിനാറായിരം രൂപയാണ് ഇതിനായി ചെലവിട്ടത്. Also Read:ഓണം ബംപറടിച്ചാല്‍ സമ്മാനം കിട്ടാന്‍ എന്തൊക്കെ രേഖകള്‍ ഹാജരാക്കണം?...
വീട്ടില്‍ സൂക്ഷിച്ചിരുന്ന ലോട്ടറികള്‍ തട്ടിയെടുത്തവരെ പിടികൂടണമെന്നാണ് രമേശ്കുമാറിന്റെ ആവശ്യം. തനിച്ചാണ് താമസം. വീടിനെ ചൊല്ലി ബന്ധുക്കളുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
പരാതിയിലെ നിജസ്ഥിതി പരിശോധിച്ചു വരികയാണെന്ന് ഒല്ലൂര്‍ പൊലീസ് പറഞ്ഞു. ലോട്ടറി ടിക്കറ്റിനൊപ്പം സൂക്ഷിച്ചിരുന്ന 3500 രൂപയും നഷ്ടപ്പെട്ടു. ഓണം ബംപര്‍ വാങ്ങിയ ഏജന്‍സിയുടെ ബില്ലും ഹാജരാക്കി.