തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബുവിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. സിടി സ്കാനിങ്ങിന് കൊണ്ടുപോയപ്പോള്‍ ഊരി ബാഗിലിട്ട ആഭരണങ്ങളാണ് നഷ്ടമായത്. ആശുപത്രിക്കുളളില്‍ വച്ച് മോഷ്ടിക്കപ്പെട്ടെന്നാണ് കരുതുന്നതെന്ന് അരിത പറഞ്ഞു.
ഇന്നലെ നിയമസഭയിലേയ്ക്ക് നടന്ന യുഡിവൈഎഫ് മാര്‍ച്ചിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബുവിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിടി സ്കാന്‍ ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാലയും കമ്മലും ഊരി മാറ്റിയത്. ഹാന്‍ഡ് ബാഗിലാണ് ആഭരണങ്ങള്‍ വച്ചിരുന്നതെന്നും സ്കാനിങിന് ശേഷം നോക്കിയപ്പോള്‍ നഷ്ടപ്പെട്ടതായി മനസിലാക്കിയെന്നും അരിത പറഞ്ഞു.
ആശുപത്രിയിലെത്തുമ്പോള്‍ മുതലുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു.