പ്രതീക്ഷയോടെ ആളുകള്‍ കാത്തിരിക്കുന്ന ഓണം ബംപര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഈ 25 കോടി രൂപ മുഴുവന്‍ ഭാഗ്യശാലിയുടെ കൈയിലേക്ക് എത്തുമോ? നികുതിയും കമ്മിഷനും കഴിഞ്ഞ് എത്ര കോടി മിച്ചമുണ്ടാകുമെന്ന് ആലോചിക്കാത്തവരുണ്ടാകില്ല. സമ്മാനാര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍സിക്ക് കമ്മിഷന്‍ ഇനത്തില്‍ രണ്ടരക്കോടി രൂപ ലഭിക്കും. കേന്ദ്രസര്‍ക്കാരിന് ആദായ നികുതിയിനത്തില്‍ 6.75 കോടി രൂപയും നല്‍കണം. സമ്മാനത്തുകയില്‍ നിന്ന് ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാരിന് ലഭിക്കുകയില്ലെന്നതാണ് വസ്തുത. ബംപറടിച്ച ഭാഗ്യവാന് കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ കൈയില്‍ കിട്ടുന്നത് 15.75 കോടി രൂപയാണെന്നതാണ് അതിലേറെ കൗതുകം. ഭാഗ്യം കടാക്ഷിക്കുന്നതായത് കൊണ്ട് 500 മുടക്കുമ്പോള്‍ 15.75 കോടി കിട്ടുന്നത് അത്ര നിസാരമാണോ എന്ന് ചോദിക്കുന്നവരും ഏറെയാണ്. Also Read: തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

ആളുകളിങ്ങനെ മല്‍സരിച്ച് ഓണം ബംപര്‍ വാങ്ങിക്കൂട്ടുമ്പോള്‍ കേന്ദ്രത്തിന്‍റെ കീശയാണ് വികസിക്കുന്നത്. ടിക്കറ്റൊന്നിന് ജിഎസ്ടി ഇനത്തില്‍ മാത്രം 56 രൂപ ലഭിക്കും. 40.32 കോടി രൂപ ആകെ ജിഎസ്ടി ഇനത്തില്‍ മാത്രം കേന്ദ്രസര്‍ക്കാരിലേക്ക് എത്തും. സമ്മാനങ്ങള്‍ക്കുള്ള ആദായ നികുതിയായി ചുരുങ്ങിയത് 15 കോടി രൂപയും കിട്ടും. അതായത് കൈനനയാതെ ഏകദേശം 55 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിക്കുമെന്ന് സാരം. Read More: ബംപറടിച്ചോ? സമ്മാനം കിട്ടാന്‍ എന്തൊക്കെ രേഖകള്‍ വേണം?

72 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ ഇക്കുറി വിറ്റഴിഞ്ഞത്. സമ്മാനത്തുകയില്‍ നിന്ന് അ‍ഞ്ചുപൈസ സംസ്ഥാന സര്‍ക്കാരിന് ലഭിക്കില്ലെങ്കിലും ടിക്കറ്റ് വില്‍ക്കുന്ന വകയില്‍ പണമെത്തും. 500 രൂപയാണ് ടിക്കറ്റിന്‍റെ വില. 25 കോടി രൂപ ഒന്നാം സമ്മാനം ഒരാള്‍ക്കും രണ്ടാം സമ്മാനം ഒരു കോടി രൂപ 20 പേര്‍ക്കും വിതരണം ചെയ്യും. 20 േപര്‍ക്ക് 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 

തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആദ്യ നറുക്കെടുക്കും. നറുക്കെടുപ്പിന് തൊട്ടുമുമ്പുവരെ വില്‍പന തുടരും. ഒന്‍പത് സമ്മാനങ്ങളാണ് ആകെയുള്ളത്. 125. 54 കോടി രൂപ ആകെ സമ്മാനമായി നല്‍കും.

ENGLISH SUMMARY:

Only a few hours remain for the Onam bumper lottery draw. The first prize is 25 Cr rupees. Will this entire 25 cr reach the lucky winner?