മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ രക്ഷാപ്രവർത്തന പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സി.ജെ.എം കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് രക്ഷാപ്രവർത്തനമാണെന്ന പ്രസ്താവനയിലാണ് അന്വേഷണം. വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് എറണാകുളം സെൻട്രൽ പൊലീസിന് കോടതിയുടെ നിർദേശം.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ 'രക്ഷാപ്രവർത്തന' പ്രസ്താവന കാരണമായിട്ടുണ്ടെന്നായിരുന്നു പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. സിആർപിസി ചട്ടം 202 (1) അനുസരിച്ചാണ് എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിക്കേണ്ടത്.
കോടതിക്ക് ലഭിക്കുന്ന പരാതി അന്വേഷിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുന്നതാണ് സിആർപിസി 202(1). ഈ റിപ്പോർട്ട് ലഭിക്കുന്നതു വരെ കേസിന്റെ മറ്റു നടപടികൾ നീട്ടിവയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പൊലീസ് നൽകുന്ന അന്വേഷണ റിപ്പോർട്ട് അനുസരിച്ച് പരാതിയിൽ കേസെടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അത് കോടതിക്ക് നിര്‍ദേശിക്കാം.കഴിഞ്ഞ നവംബറിൽ നവകേരള സദസ്സിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവന.
കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞ് പോകുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമർദനത്തിന് ഇരയാക്കിയതിനെയാണ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ചത്. ഇതു പിന്നീട് നിയമസഭയിലും ആവർത്തിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നാണ് മുഹമ്മദ് ഷിയാസിന്റെ പരാതി. മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ മൂലം പിന്നീടും പാർട്ടി പ്രവർത്തകർക്ക് ക്രൂരമർദനം ഏൽക്കേണ്ടി വന്നെന്ന് പരാതിയിൽ പറയുന്നു. ഒന്നും വിട്ടുകളയില്ലെന്നും പിറകെ തന്നെ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുഹമ്മദ് ഷിയാസും ആവശ്യപ്പെട്ടു.