കൊച്ചിയില്‍ അലന്‍ വോക്കറുടെ സംഗീത നിശയിലെ മൊബൈല്‍ഫോണ്‍ മോഷണത്തില്‍ പിന്നില്‍ ഉത്തരേന്ത്യന്‍ കവര്‍ച്ചാസംഘമെന്ന് സൂചന. നഷ്ടപ്പെട്ട മൊബൈല്‍ഫോണുകള്‍ മുംബൈയിലും ഗുജറാത്തിലും എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
26 ഐഫോണുകളടക്കം 39 ഫോണുകളാണ് അലന്‍വോക്കറുടെ സംഗീതനിശയ്ക്കിടെ നഷ്ടപ്പെട്ടത്. മിക്കഫോണുകളുടയും ടവര്‍ലൊക്കേഷന്‍ മുംബൈയും കടന്ന് ഗുജറാത്ത് വരെയെത്തി. പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ ഫോണുമായി മോഷ്ടാക്കള്‍ കേരളംവിട്ടു. വിമാനംപിടിച്ച് കേരളംവിട്ടവരും കൂട്ടത്തിലുണ്ട്. നടന്നത് സംഘടിത കവര്‍ച്ചയെന്ന് പൊലീസ് സംശയിക്കുന്നതിനും കാരണമിതാണ്. ഇന്ത്യ പര്യടനത്തിന്‍റെ ഭാഗമായാണ് നോര്‍വീജിയന്‍ ഡിജെ അലന്‍ വോക്കര്‍ ഞായറാഴ്ച കൊച്ചിയിലെത്തിയത്. ഇതിന് മുന്‍പ് വെള്ളിയാഴ്ച ബംഗളൂരുവിലും, ശനിയാഴ്ച ചെന്നൈയിലുമായിരുന്നു പരിപാടികള്‍. ഇവിടെയും സമാനമായ മൊബൈല്‍ കവര്‍ച നടന്നിട്ടുണ്ടെന്നാണ് വിവരം. അന്വേഷണത്തിനായി മുളവുകാട് സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
കവര്‍ച്ചയ്ക്കായി പ്രവേശനകവാടത്തിലടക്കം മനപൂര്‍വം തിക്കുംതിരക്കുണ്ടാക്കിയെന്നാണ് പരാതിക്കാരുടെ മൊഴി. സംഘാടകര്‍ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയെങ്കിലും വ്യക്തത കുറവുണ്ട്. പരാതിക്കാരില്‍ നിന്ന് കവര്‍ച്ചാസംഘത്തിലേക്ക് നയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. മറ്റ് സ്ഥലങ്ങളില്‍ നടന്ന സംഗീതപരിപാടികളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു.