TOPICS COVERED

ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ പഞ്ചാരിയുടെ പഞ്ചാരമഴ പൊഴിച്ച് നടൻ ജയറാം. നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായ എഴുന്നള്ളിപ്പിന് ഇത് പതിനൊന്നാം തവണയാണ് ജയറാം മേളപ്രമാണിയാകുന്നത്. താളലോകത്ത് ജയറാം കാൽനൂറ്റാണ്ട് യാത്ര പൂർത്തിയാക്കുകയാണ്.

പതികാലത്തിൽ ചാറ്റൽ മഴപോലെ തുടക്കം. പഞ്ചാരിയിൽ അഞ്ച് കാലം കൊട്ടിക്കയറി. തുലാവർഷം പോലെ മേളവൈബ്. ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറയിൽ ആനന്ദലഹരി. രാവിലെ ശീവേലിക്ക് മൂന്ന് ഗജവീരന്മാരും മേളക്കാരും അണിനിരക്കുന്നതിന് മുൻപ് തന്നെ ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം കാഴ്ച്ചക്കാരെകൊണ്ട് നിറഞ്ഞിരുന്നു.  151 കലാകാരന്മാർക്കിടയിൽ പ്രമാണിയായി ജയറാം. പവിഴമല്ലിത്തറയിൽ ദീപം തെളിയിച്ച് തുടക്കം. പിന്നെ കലാശംവരെ ആഘോഷപ്പെരുക്കം.

ഇത് പതിനൊന്നാം തവണയാണ് ദുർഗാഷ്ടമി ദിനത്തിലെ പ്രധാന ചടങ്ങായ പവിഴമല്ലിത്തറ മേളത്തിന് ജയറാം പ്രമാണിയാകുന്നത്. '25 വർഷമായി വിവിധ ക്ഷേത്രങ്ങളിൽ മേളത്തിന്‍റെ ഭാഗമാകുന്നു. ചോറ്റാനിക്കരക്ഷേത്രവുമായി കുട്ടിക്കാലം തൊട്ടേ ആത്മ ബന്ധമുണ്ട്' - ജയറാം ദുർഗാഷ്ടമി ദിനത്തിൽ ദർശനത്തിനായി ആയിരങ്ങളാണ് ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തിയത്.