കോഴിക്കോട് തിരുവമ്പാടി ബസ് അപകടത്തില്‍ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തും മുമ്പെ, ഡ്രൈവര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കി ഗതാഗതമന്ത്രി.ഇരുചക്ര വാഹനക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണന്നും ഡ്രൈവര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും കെ ബി ഗണേഷ്കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് കാളിയാമ്പുഴയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചത്.
ബ്രേക്കിന് ഉള്‍പ്പടെ ഒരു സാങ്കേതിക തകരാറും ബസിന് ഉണ്ടായിരുന്നില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. പിന്നെ ഉയരുന്നത് ഡ്രൈവറുടെ വീഴ്ചയാണോയെന്നതാണ്.നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ള ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയിട്ടേ ഇക്കാര്യം ഉറപ്പിക്കാനാകുവെന്നാണ് തിരുവമ്പാടി പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം മൊഴിയെടുത്തെങ്കിലും പൂര്‍ണമാക്കാനായില്ല. ഇതിനിടയിലാണ് മോട്ടോര്‍വാഹനവകുപ്പിന്റെ റിപ്പോര്‍ട്ടിന്റ മാത്രം അടിസ്ഥാനത്തില്‍ മന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്
അപകടത്തില്‍പ്പെട്ട ബസിന് ഇന്‍ഷുറന്‍സില്ലെന്ന് മന്ത്രി തന്നെ കഴിഞ്ഞദിവസം തുറന്ന് സമ്മതിച്ചിരുന്നു.തിരുവമ്പാടിയിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്താണ് പുഴയിലേക്ക് പതിച്ചത്. 2 പേര്‍ മരിച്ച അപകടത്തില്‍ പരുക്കേറ്റ 6 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്