മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ തന്നെ ഇരുട്ടില്‍നിര്‍ത്തിയെന്ന് ഗവര്‍ണര്‍ കത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി അയച്ച കത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി പറയുന്നു. കസ്റ്റംസിന് വീഴ്ചയുണ്ടായിരുന്നെങ്കില്‍ എന്നെ അറിയിക്കണമായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടിയത് രാഷ്ട്രപതിയെ കാര്യങ്ങള്‍ അറിയിക്കാനാണ്. രാഷ്ട്രപതിയെ കാര്യങ്ങൾ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ഭരണനിര്‍വഹണ കാര്യങ്ങള്‍ തന്നെ സര്‍ക്കാര്‍ അറിയിക്കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സമയത്ത് മറുപടി ലഭിക്കാത്തതിനാലാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ചോദിച്ചത്. ഉദ്യോഗസ്ഥർ നേരത്തെയും തന്നെ വന്ന് കണ്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിശദീകരണം മനസിലാവുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി പറയുന്നു. രാജ്യത്തിനെതിരായ കുറ്റകൃത്യമെന്നും കത്തില്‍ പറയുന്നു, ഇതില്‍ വൈരുധ്യമുണ്ട്. 27 ദിവസം മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴാണ് മറുപടി നല്‍കിയത്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്, അതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.