വളര്‍ത്തുമൃഗങ്ങളുമായി ഇനി കേരളത്തില്‍ പറന്നിറങ്ങാം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷനും ക്വാറന്‍റൈന്‍ സംവിധാനവും ഒരുങ്ങുന്നു. വര്‍ഷങ്ങളായുള്ള മൃഗസ്നേഹികളുടെ ആവശ്യം മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ഫലം കാണുന്നത്.
വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്ന എന്‍ആര്‍ഐ പെറ്റ്സ് പാരന്‍റ്സിന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഒന്നിലേക്കും പറക്കാന്‍ കഴിയുമായിരുന്നില്ല. വിമാനത്താവളങ്ങളില്‍ ആനിമല്‍ ക്വാറന്‍റൈനും സര്‍ട്ടിഫിക്കേഷനും ഇല്ലാത്തതാണ് പ്രതിസന്ധിയായിരുന്നത്. കൊച്ചി രാജ്യാന്തര വിമാനത്തവളം വഴി വിദേശത്തേക്ക് അരുമകളെ കൊണ്ടുപോകാമായിരുന്നു. ഇനി മുതല്‍ കൊണ്ടുവരാനും തടസമില്ല.
Also Read; ചിത്രശലഭങ്ങളുടെ പ്രിയപ്പെട്ട ചെടികളും; അവ വളർത്തുന്ന പൊലീസുകാരനും
നിലവില്‍ മിക്ക വളര്‍ത്തുമൃഗ ഉടമകളും ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ ഇറങ്ങി, റെയില്‍, റോഡ് ഗതാഗതം വഴിയാണ് കേരളത്തില്‍ എത്തുന്നത്. ഇതുണ്ടാക്കുന്ന അസൗകര്യവും അധിക ചിലവും ഇനി വേണ്ട. മണിക്കൂറുകളോളം ചെറുകൂടുകളില്‍ കഴിച്ചുകൂട്ടേണ്ടി വരുന്നത് മൃഗങ്ങളോടുള്ള ക്രൂരത കൂടിയാണ്.
കോവിഡ് കാലത്ത് അരുമകളെ ഹൃദയം നുറുങ്ങുന്ന വേദനയോടെ അന്യനാടുകളില്‍ ഉപേക്ഷിച്ച് പോരേണ്ടി വന്നവര്‍ നിരവധിയായിരുന്നു. ഇതോടെയാണ് ആനിമല്‍ ക്വാറന്‍റൈനും സര്‍ട്ടിഫിക്കേഷനുമുള്ള സൗകര്യം വേണമെന്ന ആവശ്യവും വ്യാപകമായത്. യാത്രക്കാര്‍ക്ക് നവംബര്‍ മുതല്‍ അരുമകളുമായുള്ള യാത്ര സാധ്യമാകും.