va-arunkumar

TOPICS COVERED

ഐ.എച്ച്.ആർ.ഡി ഡയറക്ടർ സ്ഥാനത്തേക്ക് വി.എസിന്‍റെ മകന് വഴിയൊരുക്കാൻ സർക്കാരിന്റെ ഒളിച്ചുകളി. ഡയറക്ടറുടെ യോഗ്യതകളിൽ ഭേദഗതി വരുത്തിയതിനെതിരായ ഹർജിയിൽ ആറ് മാസം കഴിഞ്ഞിട്ടും സർക്കാർ വിശദീകരണം നൽകിയില്ല. വി.എ.അരുൺ കുമാറിന് വേണ്ടിയാണ് യോഗ്യതയിൽ മാറ്റം വരുത്തിയത് എന്നായിരുന്നു ഹർജിയിലെ ആരോപണം. 

 

ഐ.എച്ച്.ആർ.ഡി  പ്രൊഫസറും, സാങ്കേതിക സർവകലാശാല ഡീനുമായ ഡോക്ടർ വിനു തോമസിന്‍റെ ഹർജിയിലാണ് സംസ്ഥാന സർക്കാരിനോടും, എഐസിടിഇ യോടും ഹൈക്കോടതി വിശദീകരണം തേടിയത്. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം അഡീഷണൽ ഡയറക്ടറുടെ പ്രവൃത്തി പരിചയം മതിയെന്ന ഭേദഗതിക്കെതിരെയായിരുന്നു ഹർജി. 

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ മകൻ വി.എ.അരുൺ കുമാറിന് വേണ്ടിയാണ് ഭേദഗതി എന്നായിരുന്നു ഹർജിയിലെ ആരോപണം. ഫെബ്രുവരിയിൽ ഹൈക്കോടതി വിശദീകരണമാവശ്യപ്പെട്ടതിന് പിന്നാലെ മാർച്ചിൽ ഐഎച്ച്ആര്‍ഡി യും ഏപ്രിലിൽ എഐസിടിഇ യും നിലപാടറിയിച്ചു. ഭേദഗതി നിലനിൽക്കില്ലെന്നും, ഡയറക്ടറുടെ ചുമതലവഹിക്കാൻ അരുൺകുമാറിന് യോഗ്യതയില്ലെന്നുമായിരുന്നു എഐസിടിഇ നിലപാട്. എന്നാൽ മറുപടി നൽകേണ്ട സർക്കാർ മാത്രം ഇതുവരെ അനങ്ങിയിട്ടില്ല. 

വിശദീകരണം ചോദിച്ചതിനുശേഷം 9 തവണയാണ് ഹർജി ഹൈക്കോടതി പരിഗണിച്ചത്. അവസാനമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹർജി പരിഗണിച്ചപ്പോഴും സർക്കാർ ഒളിച്ചുകളി തുടർന്നു. തൊട്ടടുത്ത ദിവസം ബുധനാഴ്ചയായിരുന്നു ഐഎച്ച്ആർഡി ഡയറക്ടർ നിയമനത്തിനായുള്ള അഭിമുഖം. ഹർജിക്കാരനും, അരുൺ കുമാറുമടക്കം ആറു പേർ അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തു. അരുൺ കുമാറിന് അഭിമുഖത്തിൽ പങ്കെടുക്കാനും, നിയമനം നൽകാനും വേണ്ടിയാണ് ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിക്കാത്തത് എന്നാണ് ആരോപണമുയരുന്നത്.

ENGLISH SUMMARY:

Government change IHRD director rule for V. S. Achuthanandan's son VA Arunkumar