TOPICS COVERED

‌തിരുവനന്തപുരം ഊരൂട്ടമ്പലത്ത് കോഴിഫാമിനായി അനധികൃതമായി നിര്‍മിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. വെളളൂര്‍ക്കോണം സ്വദേശി വത്സമ്മയാണ് മരിച്ചത്. കോഴിഫാം നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തു.

രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയ 67 കാരി വത്സമ്മയാണ് ഷോക്കേറ്റ് പിടഞ്ഞ് മരിച്ചത്. വെളളൂര്‍ക്കോണം സഹകരണ ബാങ്കിന് സമീപത്തെ പുരയിടത്തില്‍ തെങ്ങ് നടുന്ന ജോലി ചെയ്യുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടെയാണ് അടുത്ത പുരയിടത്തിലെ കോഴിഫാമിനോട് ചേര്‍ന്ന്  സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റത്. അംബികാ ദേവിയുടെ ഉടമസ്ഥതയിലുളള സ്ഥലം പാട്ടത്തിനെടുത്ത് മാറനല്ലൂര്‍ സ്വദേശികളായ ശംഭുവും രാഹുലുമാണ് കോഴിഫാം നടത്തുന്നത്. കോഴിഫാമില്‍ മറ്റ് ജന്തുക്കള്‍ കയറാതിരിക്കാന്‍  സ്ഥാപിച്ച കമ്പി വേലിയാണ് അപകടമുണ്ടാക്കിയത്. ഷോക്കേറ്റ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വൈദ്യുതി ഒാഫാക്കിയതെന്ന് വത്സമ്മയ്ക്കൊപ്പം ഷോക്കേറ്റ് തെറിച്ച് വീണ ശ്യാമള പറഞ്ഞു.

തൊഴിലുറപ്പ് പണിയുളളപ്പോള്‍ വൈദ്യുതി ഓഫ് ചെയ്യാറുണ്ടായിരുന്നെന്നും ഇന്ന് തൊഴിലുറപ്പ് പണിയുളളത് അറിയില്ലായിരുന്നുവെന്നുമാണ്  ഫാം നടത്തിപ്പുകാരുടെ വിശദീകരണം. ജീവന് അപകടമുണ്ടാക്കുന്ന വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്.

Old woman died of electric shock during the employment: