പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ചത് ക്വട്ടേഷനെന്ന് സംശയിച്ച് പൊലീസ്. ഇക്കാര്യത്തില്‍ വിശദപരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ മനോരമ ന്യൂസിനോട്. സംഘം സിനിമകള്‍ പകര്‍ത്താന്‍ തിരഞ്ഞെടുത്തത് മള്‍ട്ടിപ്ലക്സ് തിയറ്ററുകളെന്നും ടിക്കറ്റ് ബുക്ക് ചെയ്തത് ഓഫര്‍ വൗച്ചര്‍ ഉപയോഗിച്ചെന്നും കണ്ടെത്തി.
ഒളിച്ചും പാത്തും പുത്തന്‍ സിനിമകള്‍ പകര്‍ത്തി പ്രചരിപ്പിച്ച നിഗൂഡസംഘത്തെ മറനീക്കീ പുറതെത്തിച്ചത് കൊച്ചി സിറ്റി സൈബര്‍ പൊലീസിന്‍റെ സമര്‍ഥമായ അന്വേഷണമാണ്. onetamilmv എന്ന വെബ്സൈറ്റിന്‍റെ ശില്‍പികളും കുപ്രസിദ്ധ തമിഴ്റോക്കേഴ്സ് ടീം അംഗങ്ങളുമാണ് പിടിയിലായ കുമരേശ്വറും, പ്രവീണ്‍കുമാറും. സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ക്വട്ടേഷനെന്ന സംശയം ബലപ്പെടുകയാണ്. രണ്ട് തരത്തിലുള്ള ക്വട്ടേഷനാണ് പൊലീസ് സംശയിക്കുന്നത്. ഒരു സിനിമയെ തകര്‍ക്കാന്‍ സിനിമാ മേഖലയിലെ മറ്റുള്ളവര്‍ നല്‍കുന്ന ക്വട്ടേഷനാണോ എന്നാണ് ഒരു സംശയം. മറ്റൊന്ന് വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ക്കായി സംഘം പണംവാങ്ങി സിനിമകള്‍ പകര്‍ത്തിയോ എന്നും. അങ്ങനെ കണ്ടെത്തിയാല്‍ അവരെയും പൂട്ടുമെന്ന് കമ്മിഷണര്‍ പുട്ട വിമലാദിത്യ.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ ഓഫര്‍ വൗച്ചറുകള്‍ വഴി ടിക്കറ്റെടുത്തായിരുന്നു സിനിമകളുടെ ചിത്രീകരണം. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണം ഒഴിവാക്കാനാണ് ഓഫര്‍ വൗച്ചറുകള്‍ മറയാക്കിയുള്ള ടിക്കറ്റ് ബുക്കിങ്. തിയറ്ററുകളിലെ മധ്യഭാഗത്തെ സീറ്റുകള്‍ ബുക്ക് ചെയ്ത് മൊബൈല്‍ഫോണിലാണ് സിനിമ പകര്‍ത്തിയിരുന്നത്. കുത്തനെയുള്ള സീറ്റുകളായതിനാല്‍ ചിത്രീകരണം തടസപ്പെടില്ലെന്നതാണ് മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ തിരഞ്ഞെടുത്തതെന്നാണ് പ്രതികളുടെ മൊഴി. ബംഗളൂരുവില്‍ നിന്ന് രജനികാന്ത് ചിത്രം പകര്‍ത്ത് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രതികളെ കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്. സംഘത്തിലെ മൂന്നാമനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.