ശബരിമലയിലെ സ്പോട്ട് ബുക്കിങ് നിർത്തിയതിനെതിരെ  സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. തീരുമാനം മാറ്റാൻ ഇടപെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതേസമയം ശബരിമലയെ പ്രക്ഷോഭ വേദിയാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

മുൻ ശബരിമല പ്രക്ഷോഭവും 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുമാണ് ജില്ലയിൽ സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്.  തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ബിജെപി അടക്കമുള്ള പ്രസ്ഥാനങ്ങൾ അവസരം മുതലെടുക്കുമെന്ന വിലയിരുത്തലിൽ ആണ് ആവശ്യം. ബുക്കിങ് ഇല്ലാതെ ശബരിമലയിൽ കയറുമെന്നും ഭക്തരെ ശബരിമല ദർശനം നടത്താൻ സഹായിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു.  2019ൽ നാമജപ ഘോഷയാത്ര അടക്കം സംഘടിപ്പിച്ച പന്തളത്തെ ആചാര സംരക്ഷണ സമിതി സമരപരിപാടികൾ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് നിർത്തിയത് പിൻവലിക്കണം എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയെ സമരവേദി ആക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു. 

സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് എങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകനയോഗമാണ് ഓൺലൈൻ ബുക്കിങ് മാത്രം മതി എന്ന് തീരുമാനിച്ചത്. വിഷയം അടിയന്തരമായി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് ദേവസ്വം ബോർഡിന്റെയും ശ്രമം. ഓൺലൈൻ ബുക്കിങ് മാത്രമെന്ന കടുംപിടുത്തം സർക്കാർ തുടരുമോ എന്നാണ് അറിയേണ്ടത്