ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യംചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് രണ്ടാംഘട്ട ചോദ്യംചെയ്യലിന് ഹാജരായത്. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്നാണ് നടനെ വീണ്ടും വിളിപ്പിച്ചത്. സിദ്ദിഖ് അന്വേഷണത്തോട് പൂര്‍ണതോതില്‍ സഹകരിക്കുന്നില്ലെന്ന വിമര്‍ശനം അന്വേഷണസംഘം നേരത്തെ ഉയര്‍ത്തിയിരുന്നു. സംഘം ആവശ്യപ്പെട്ട രേഖകള്‍ ഇന്ന് ഹാജരാക്കുമോയെന്നതും നിര്‍ണായകമാണ്. സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുള്ളതിനാല്‍ അറസ്റ്റുണ്ടായാല്‍ പോലും കോടതിയില്‍ ഹാജരാക്കിയ ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയയ്ക്കും.
ചോദ്യം ചെയ്യലിന് ആദ്യം ഹാജരായപ്പോള്‍ തന്നെ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സിദ്ദിഖ് പൂര്‍ണമായും നിഷേധിച്ചിരുന്നു. 'മാസ്കറ്റ് ഹോട്ടലില്‍ പരാതിക്കാരിയെ കണ്ടിട്ടില്ല. ഒരേയൊരു തവണയാണ് കണ്ടത് . അത് തിരുവനന്തപുരം നിള തിയേറ്ററില്‍ പ്രിവ്യുഷോയ്ക്ക് ഇടയി'ലാണെന്നുമായിരുന്നു സിദ്ദിഖിന്‍റെ വാദം.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല.
തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. താല്‍കാലികമായി അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി അന്വേഷണഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകാന്‍ സിദ്ദിഖിന് നിര്‍ദേശം നല്‍കി. കേസില്‍ അറസ്റ്റുണ്ടായാല്‍ വിചാരണ കോടതിയില്‍ ഹാജാക്കി ജാമ്യം നല്‍കാനും സുപ്രീകോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഒളിവ് അവസാനിപ്പിച്ച് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരാവുകയായിരുന്നു.