ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി പ്രത്യേക അന്വേഷണസംഘം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ചോദ്യംചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ആവശ്യപ്പെട്ട മൊബൈല്‍ അടക്കം രേഖകള്‍ ഹാജരാക്കിയില്ല. ഇതോടെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ചു. വിവരം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. രാവിലെ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

ആദ്യവട്ടം ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ തന്നെ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സിദ്ദിഖ് പൂര്‍ണമായും നിഷേധിച്ചിരുന്നു. 'മാസ്കറ്റ് ഹോട്ടലില്‍ പരാതിക്കാരിയെ കണ്ടിട്ടില്ല. ഒരേയൊരു തവണയാണ് കണ്ടത് . അത് തിരുവനന്തപുരം നിള തിയേറ്ററില്‍ പ്രിവ്യുഷോയ്ക്ക് ഇടയി'ലാണെന്നുമായിരുന്നു സിദ്ദിഖിന്‍റെ വാദം. 

തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല.

തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. താല്‍കാലികമായി അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി അന്വേഷണഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകാന്‍ സിദ്ദിഖിന് നിര്‍ദേശം നല്‍കി. കേസില്‍ അറസ്റ്റുണ്ടായാല്‍ വിചാരണ കോടതിയില്‍ ഹാജാക്കി ജാമ്യം നല്‍കാനും സുപ്രീകോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഒളിവ് അവസാനിപ്പിച്ച് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെയാണ് വീണ്ടും വിളിപ്പിച്ചത്. 

ENGLISH SUMMARY:

Special investigation team has made serious allegations against actor Siddique in the rape case. The police stated that Siddique is not cooperating with the investigation.