ബലാല്‍സംഗക്കേസിലെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സിദിഖിന്റെ ചോദ്യം ചെയ്യല്‍ പൊലീസ് അവസാനിപ്പിച്ചു. മൊൈബല്‍ ഫോണ്‍ ഉള്‍പ്പടെ പൊലീസ് ആവശ്യപ്പെട്ട തെളിവുകള്‍ സിദിഖ് ഇന്നും ഹാജരാക്കിയില്ല. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ പൊലീസ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയെന്നാണ് സിദിഖിന്റെ ആരോപണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മകനൊപ്പമെത്തിയ സിദിഖിനെ ക്രൈംബ്രാഞ്ച് എസ്.പിമാരായ മെറിന്‍ ജോസഫും എസ്.മധുസൂദനനും അടങ്ങിയ പ്രത്യേകസംഘം കഷ്ടിച്ച് രണ്ട് മണിക്കൂറാണ് ഇന്ന് ചോദ്യം ചെയ്തത്. ബലാല്‍സംഗം നടന്ന സമയത്തും അതിന് മുന്‍പും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ഐ.പാഡും അടക്കമുള്ള തെളിവുകളുമായി എത്താനായിരുന്നു നിര്‍ദേശം. സിദിഖ് കൊണ്ടുവന്നില്ല. അതോടെ കാര്യമായ ചോദ്യം ചെയ്യലിലേക്ക് കടക്കാതെ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു.
രണ്ട് തവണയായി അഞ്ചര മണിക്കൂറാണ് സിദിഖ് പൊലീസിന് മുന്നിലിരുന്നത്. കുറ്റം നിഷേധിച്ചെങ്കിലും സിദിഖ് പരാതിക്കാരിക്ക് അയച്ച വാട്സപ്പ് ചാറ്റുകള്‍ വീണ്ടെടുത്താല്‍ നിര്‍ണായക തെളിവാകും. അതിനുവേണ്ടി മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഹാജരാക്കാന്‍ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നത് തെളിവ് നശിപ്പിക്കാനാണ്. ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കുന്നില്ല. അതിനാല്‍ ഇനി ചോദ്യം ചെയ്തിട്ട് കാര്യമില്ലെന്നും സഹകരിക്കുന്നില്ലെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടാനുമാണ് പൊലീസിന്റെ തീരുമാനം. പക്ഷെ സിദിഖ് ഒരക്ഷരം പ്രതികരിച്ചില്ല.
2106ന് ശേഷം പല മൊബൈലുകള്‍ മാറിയെന്നും പഴയ മൊബൈല്‍ എവിടെയാണെന്ന് അറിയില്ലെന്നുമാണ് സിദിഖിന്റെ മറുപടി. രണ്ട് തവണ പൊലീസ് ആവശ്യപ്പെട്ടതുപോലെ ചോദ്യം ചെയ്യലിനെത്തിയിട്ടും സഹകരിക്കുന്നില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള തിരക്കഥയാണ് പൊലീസിന്റേതെന്നും ആരോപിക്കുന്നു. അതിനാല്‍ പൊലീസിന് ചോദ്യം ചെയ്യാന്‍ പോലും താല്‍പര്യമില്ലെന്നും സുപ്രീംകോടതിയെ അറിയിക്കും. ഇതോടെ സിദിഖിന്റെയും പൊലീസിന്റെയും തിരക്കഥയില്‍ സുപ്രീംകോടതി അംഗീകരിക്കുന്നത് ആരുടേത് എന്നനുസരിച്ചിരിക്കും ഇനി േകസിന്റെ ഭാവി.